രാജ്യത്ത് ഭൂരിപക്ഷ വർഗീയത മൂർത്തീമത്ഭാവം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോൾ അമർഷവും രോഷവും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വർഗീയ ശക്തികളെ തടയാൻ പൊലീസിന് കഴിയുന്നുണ്ടെന്നും പിണറായി പറഞ്ഞു. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസത്തെ പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായത് ആസൂത്രിതമായ ആക്രമണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അക്രമം നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വർഗീയ ശക്തികളെ തടയാൻ കേരള പൊലീസിന് നല്ല നിലയിൽ കഴിയുന്നുണ്ട്. കേരള പൊലീസിന്‍റെ ഇടപെടലാണ് പല വിഷയങ്ങളെയും വലിയ സംഭവമായി മാറാതെ തടഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന ചിലര്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷിപ്ത താൽപര്യങ്ങളുടെ പുറത്ത് വർഗീയ ശക്തികളോട് സമരസപ്പെടാൻ ചിലർ ശ്രമിക്കുന്നു. താൽക്കാലിക നേട്ടത്തിന് വർഗീയ ശക്തികളുടെ സഹായം ചിലർ തേടാറുണ്ട്. രാജ്യത്തെ വർഗീയതയുടെ മൂർത്തിമത്ഭാവം ഭൂരിപക്ഷ വർഗീയതയാണെന്നും ന്യൂനപക്ഷങ്ങളെ ഇതിന്‍റെ പേരിൽ വേട്ടയാടുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ അമർഷത്തെയും രോഷത്തെയും തെറ്റായ രീതിയിൽ തിരിച്ചു വിട്ടാണ് ന്യൂനപക്ഷ വർഗീയതയെ ചിലർ സൃഷ്ടിച്ചത്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാമെന്നത് ആത്മഹത്യാപരമാണെന്നും ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.