ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ തിരുക്കർമ്മങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി സെപ്റ്റംബർ 23-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സീറോ മലബാർ ബിഷപ്സ് ഹൗസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ഒക്ടോബർ ഒന്നാം തീയതി രാവിലെ 9 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും. മുപ്പതിലധികം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടന്നു വരുന്നത്.

ഒക്ടോബർ ഒന്ന് ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് പ്രദക്ഷിണം ആരംഭിക്കും.ഒൻപത് മുപ്പതിന് വികാരി ജനറാൾ ഫാ. തോമസ് കടുകപ്പിള്ളിൽ എല്ലാവരെയും സ്വാഗതം ചെയ്യും .തുടർന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി നിയമനക്കത്ത് വായിക്കും .രൂപതാ ചാൻസലർ മലയാള പരിഭാഷ നടത്തും .തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ എന്നിവർ സഹ കാർമ്മികർ ആയിരിക്കും .

ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് (ഡിട്രോയിറ്റ്‌ )ഹോംലി പറയും .ദിവ്യബലിക്ക് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസ അറിയിക്കും.ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ,ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർ നന്ദി പറയും . പന്ത്രണ്ട് മണി മുതൽ ഒന്നര മണി വരെ ഉച്ചഭക്ഷണം .

ഒന്നരമണി മുതൽ മൂന്നു മണി വരെ പൊതുസമ്മേളനം .നിരവധി പ്രശസ്ത വ്യക്തികൾ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന് ആശംസകളും സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനു നന്ദിയും പ്രകാശിപ്പിക്കും വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ സ്വാഗതം പറയും .കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി , ബിഷപ്പ് കുർട്ട് ബെർനറ്റ് ,ബെൽവുഡ് സിറ്റി മേയർ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും .ജനറൽ കോ-ഓർഡിനേറ്റർ ജോസ് ചാമക്കാല കൃതജ്ഞത പറയും .

കർദ്ദിനാൾ ജോർജ് ആലഞ്ചേരി,ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി , മാർ ജേക്കബ് അങ്ങാടിയത്ത് ,മാർ ജോയി ആലപ്പാട്ട് ,ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ,ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ ,ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ,ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ,ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ,ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ ,ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്,ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് ,ബിഷപ്പ് ബെനഡിക്റ്റ് അലക്സിചുക്ക് ,ബിഷപ്പ് മൈക്കിൾ മിക്ക് ഗവേൺ ,ബിഷപ്പ് മിലൻ ലാച്ച്,ബിഷപ്പ് പ്ലാസിഡോ റോഡ്രിഗസ്,ബിഷപ്പ് കുർട്ട് ബർനെറ്റ്, ബിഷപ്പ് ജെഫ്രി എസ് ഗ്രോബ് ,ബിഷപ്പ് റോബർട്ട് ജെറാൾഡ് കേസി തുടങ്ങി അമേരിക്കയിലും പുറത്തുനിന്നുമായി പത്തൊൻപതോളം ബിഷപ്പുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത് .ബെൽവുഡ് സിറ്റി മേയർ, വൈദികർ,സന്യാസിനികൾ വിശ്വാസികൾ,പൊതുജനങ്ങൾ തുടങ്ങി മൂവായിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും .

ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ ജോയി ആലപ്പാട്ട് , വികാരി ജനറാൾ മോൺ. തോമസ് കടുകപ്പിള്ളിൽ , ചാൻസലർ ഫാ.ജോർജ് ദാനവേലിൽ, പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ജനറൽ കൺവീനർ ജോസ് ചാമക്കാല, പി.ആർ. ഒ ജോർജ്കുട്ടി അമ്പാട്ട് എന്നിവർ പരിപാടികൾ പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. ചിക്കാഗോയിലെ അച്ചടി ദൃശ്യ മാദ്ധ്യമ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2001 മാർച്ച് 13-ന് ഷിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപത സ്ഥാപിച്ചു. അതിന്റെ ആദ്യ ബിഷപ്പായി മാർ ജേക്കബ് അങ്ങാടിയത്ത് നിയമിതനായി.രൂപതയുടെ ഉദ്ഘാടനത്തോടൊപ്പം അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണവും ചിക്കാഗോയിൽ നടന്നു.

2014 ജൂലൈ 24 ന്, ഫ്രാൻസിസ് മാർപാപ്പ മാർ ജോയി ആലപ്പാട്ടിനെ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ സ്ഥാപനത്തോടൊപ്പം കോട്ടയം ക്നാനായ കത്തോലിക്കാ കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയും ഈ രൂപതയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. ചിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപത സ്ഥാപിതമായത് മുതൽ വിവിധ തലങ്ങളിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ട് . നിലവിൽ ഈ രൂപതയിൽ 50 ഇടവകകളും 34 മിഷനുകളും ഉണ്ട്.68 വൈദികർ രൂപതയിൽ സേവനം അനുഷ്ഠിക്കുന്നു .85000 വിശ്വാസികൾ ഈ രൂപതയുടെ അജപാലന പരിധിയിൽ ഉണ്ട് .

2020-ൽ, 75 വയസ്സ് പൂർത്തിയാക്കിയ ശേഷം,ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പരിശുദ്ധ സിംഹാസനത്തിന് രാജിക്കത്ത് സമർപ്പിക്കുകയും 2022 ജൂലൈ 3-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയും ബിഷപ്പ് ജോയി ആലപ്പാട്ടിനെ രണ്ടാമത്തെ ബിഷപ്പായി നിയമിക്കുകയും ചെയ്തു.

ഇരുപത്തിയൊന്ന് വർഷത്തെ നിസ്തുല സേവനത്തിന് ശേഷമാണ് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സ്ഥാനമൊഴിയുന്നത് .2014 സെപ്റ്റംബർ 27 നാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി,മാർ ജേക്കബ് അങ്ങാടിയത്ത്, മാർ പൗളി കണ്ണൂക്കാടൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാർ ജോയി ആലപ്പാട്ട് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഓക്സിലറി ബിഷപ്പായി അഭിഷിക്തനായത് .