കിയവ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ ആണവായുധം ഉപയോഗിക്കാൻ ലോകം അനുവദിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ ഏത് മാർഗവും ഉപയോഗിക്കുമെന്ന പുടിന്‍റെ പ്രസ്താവനയോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. റഷ്യക്കെതിരെ യുക്രെയ്ൻ സേന വലിയ രീതിയിൽ തിരിച്ചടിച്ച് തുടങ്ങിയതോടെ സൈനിക സന്നാഹം വിപുലീകരിക്കാൻ പുടിൻ ഉത്തരവിട്ടിരുന്നു.

“പുടിൻ ആണവായുധം പ്രയോഗിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആണവായുധം ഉപയോഗിക്കാൻ ലോകം അദ്ദേഹത്തെ അനുവദിക്കില്ല. റഷ്യൻ സേനയെ രാജ്യത്ത് നിന്ന് പിൻവലിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിനുമായി ചർച്ച നടത്താൻ സാധിക്കുകയുള്ളു”- സെലൻസ്കി പറഞ്ഞു.

നാളെ ഒരുപക്ഷെ യുക്രെയ്ന് പുറമേ പോളണ്ട് കൂടെ വേണമെന്ന് പുടിൻ പറഞ്ഞേക്കാം. അതിന് വേണ്ടി അവർ ആണവായുധം പ്രയോഗിച്ചെന്നും വരാം. യുദ്ധക്കളത്തിൽ റഷ്യൻ സേന നേരിട്ട് കൊണ്ടിരിക്കുന്ന പരാജയമാണ് കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതിലേക്ക് പുടിനെ നയിച്ചത്. പടി പടിയായി ലക്ഷ്യത്തിലേക്ക് എത്തുമെന്നും റഷ്യയുടെ പക്കൽ നിന്ന് തങ്ങളുടെ പ്രദേശങ്ങളെല്ലാം തിരിച്ച് പിടിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. തങ്ങളുടെ പ്രദേശം പിടിച്ചെടുത്ത, യുക്രെയ്നിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ പുടിനെ ശിക്ഷിക്കണമെന്ന് യു.എൻ ജനറൽ അസംബ്ലിയിൽ സെലൻസ്കി ആവശ്യപ്പെട്ടു.