ശാസ്താംകോട്ട:കുടുംബജീവിതത്തിലും പഠനത്തിലും വേർപിരിയാത്ത ഇരട്ടകൾക്ക് ഇരട്ടിമധുരമായി ഒരേദിവസം സർക്കാർ ജോലിയും. പോരുവഴി നടുവിലേമുറി ഗോകുലത്തിൽ പരേതനായ വിജയക്കുറുപ്പിന്റെയും ഇ.സതിയുടെയും ഇരട്ടമക്കളായ അഖില വിജയനും അനില വിജയനുമാണ് ഒരേദിവസം പി.എസ്.സി.യുടെ എൽ.പി.വിഭാഗം അധ്യാപകനിയമന ഉത്തരവ് വന്നത്. അഖിലയ്ക്ക് ജി.എൽ.പി.എസ്. വാളക്കോട്ടും അനിലയ്ക്ക് ശൂരനാട് വടക്ക് അഴകിയകാവ് ജി.എൽ.പി.എസിലുമാണ് നിയമനം.

ഇരട്ടസഹോദരങ്ങളായ പുനലൂർ ഇഞ്ചത്തടം സഞ്ജയ് ഭവനത്തിൽ അജീഷും അനീഷുമാണ് ഇവരുടെ ജീവിതപങ്കാളികൾ. അനിലയുടെ ഭർത്താവ് അജീഷ് സൈന്യത്തിലും അഖിലയുടെ ഭർത്താവായ അനീഷ് വിദേശത്തുമാണ്. മാതൃഭൂമിയിൽ വന്ന വൈവാഹിക പരസ്യമാണ് അന്ന് ഇവരെ ഒന്നിപ്പിച്ചത്. 2011 ജനുവരി 23-ന് നടന്ന ഇരട്ടകളുടെ വിവാഹവും മാതൃഭൂമിയിൽ വാർത്തയായിരുന്നു.

ഒന്നുമുതൽ പ്ലസ് ടുവരെയും തുടർന്ന് ടി.ടി.സി. പഠനത്തിലും ഇരുവരും ഒന്നിച്ചായിരുന്നു. ഡിഗ്രിക്ക് ചേർന്നപ്പോൾ ഒരേ കോളേജിൽ രണ്ടു വിഷയങ്ങൾ എടുക്കേണ്ടിവന്നപ്പോൾമാത്രമാണ് വെവ്വേറെ ക്ലാസുകളിൽ ഇരുന്നത്. ഇവർ പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയതും പരീക്ഷയെഴുതിയതും ഒന്നിച്ചായിരുന്നു.