കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ മൂന്നാംദിനവും വൻ ജനാവലിയുടെ സാന്നിധ്യത്തിലായത് നേതാക്കൾക്കും പ്രവർത്തകർക്കും ആവേശംപകർന്നു. ആ ആവേശത്തോടെ ജാഥ ഓച്ചിറയിൽനിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 6.35-ന് കരുനാഗപ്പള്ളി പുതിയകാവിൽനിന്നു പുറപ്പെട്ട യാത്ര എട്ടുമണിയോടെ ഓച്ചിറയിലെത്തി. നിരത്തിലും പാതയോരത്തും ജനക്കൂട്ടമായിരുന്നു. 

സാഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിനോടും വ്ളോഗർ കടൽമച്ചാൻ വിഷ്ണുവിനോടും കഥകളിവേഷമണിഞ്ഞ് ജാഥയ്ക്കൊപ്പം നീങ്ങിയ കരുനാഗപ്പള്ളി സ്വദേശി ഗോപകുമാറിനോടും ഇടയ്ക്കുകയറിവന്ന സഹോദരിമാരോടും അമ്മമാരോടുമെല്ലാം സംസാരിച്ചും ചേർത്തുപിടിച്ചും നടന്ന രാഹുൽ ഇഷ്ടപ്പെട്ട കാഴ്ചകൾ സ്വന്തം മൊബൈലിലേക്കും പകർത്തുന്നുണ്ടായിരുന്നു.

ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനുസമീപം കെട്ടിടത്തിനുമുകളിൽ ത്രിവർണ വസ്ത്രമണിഞ്ഞ് ഒരാൾ ഒരക്ഷരം ദേഹത്തെഴുതി ചേർന്നുനിന്ന് നാഷണൽ അൺ എംപ്ളോയ്മെന്റ് ഡേ എന്ന ആശയം ആവിഷ്കരിച്ചത് അദ്ദേഹം മൊബൈലിൽ പകർത്തി. കെ.എസ്.യു. പ്രവർത്തകർ കൊടുത്ത നീലബലൂണുകൾ ആകാശത്തേക്ക് ഉയർത്തിവിട്ടു. കൈവീശിയും അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയും ജനപ്രവാഹമായാണ് ജില്ലാ അതിർത്തിയിലെത്തിയത്. ഓച്ചിറ ടൗണിനടുത്ത് മലബാർ ഹോട്ടലിൽ കയറി പ്രഭാതഭക്ഷണവും കഴിച്ചാണ് ആലപ്പുഴയിലേക്കു കടന്നത്.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.മുരളീധരൻ എം.പി., കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ, സി.ആർ.മഹേഷ് എം.എൽ.എ., പി.സി.വിഷ്ണുനാഥ് എം.എൽ.എ., എ.ഐ.സി.സി. അംഗം ബിന്ദുകൃഷ്ണ, കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.