കൊല്ലം: പരബ്രഹ്മത്തിന്റെ മണ്ണിലെത്തിയ രാഹുലിന് മോഹം, ചായകുടിക്കണം, ഒപ്പം ചെറുകടിയും. പിന്നെ അമാന്തിച്ചില്ല. സുരക്ഷാ ജീവനക്കാർ കെട്ടിയ വടവും കടന്ന് അൻസർ മലബാറിന്റെ ചായപ്പീടികയിലേക്ക്. അമ്പരപ്പോടും ഒപ്പം അതിശയത്തോടും നിന്ന അൻസറിന്റെ ജ്യേഷ്ഠൻ സലിമിനോടും ചായ അടിക്കുന്ന രാജനോടും കണ്ണുകൾ ഇറുക്കി പുഞ്ചിരിച്ചു. മേശയുടെ പിന്നിലെ കസേരയിലിരുന്നു. പരിസരബോധം വീണ്ടെടുത്ത സലിം എന്താണ് വേണ്ടതെന്ന് അറിയാവുന്ന ഹിന്ദിയിൽ ആരാഞ്ഞു.

ചായവേണം. അലമാരയിൽ നിരത്തി മനോഹരമായി അടുക്കിവെച്ചിരിക്കുന്ന വെട്ടുകേക്കിലേക്ക് രാഹുലിന്റെ നോട്ടം. ആഗ്രഹം പിടികിട്ടിയ സലിം വെട്ടുകേക്ക് ഒന്നെടുത്തുനൽകി. അപ്പോഴേക്കും കടുപ്പത്തിൽ ചായയുമായി രാജനുമെത്തി. പിന്നെ കുശലാന്വേഷണമായി. തുടർന്ന് ഒരു പൊറോട്ടയും ഓംലെറ്റുംകൂടി കഴിച്ചു. വളരെ രുചികരം എന്ന അഭിപ്രായവും രാഹുൽ പറഞ്ഞു. രാഹുൽ തന്റെ ചായപ്പീടികയിൽ ഉണ്ടെന്നറിഞ്ഞ അൻസറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദും ഓടിയെത്തി. 

സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. ഉടൻതന്നെ കെ.സി.വേണുഗോപാൽ ഇടപെട്ടതോടെ അകത്തേക്ക് പ്രവേശനമായി. അപ്പോഴേക്കും സ്വാതന്ത്ര്യസമര സേനാനി ഇലങ്കത്തു ഇബ്രാഹിംകുട്ടിയുടെ മകൻ ഇസ്മയിൽ ഇലങ്കത്തും അൻസറിന്റെ മക്കളായ അമീനും അഹദും അഭിനാനും രാഹുലിന്റെ അടുത്തെത്തി. എല്ലാവരുമായും കുശലാന്വേഷണം.ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സജീവ കോൺഗ്രസ് പ്രവർത്തകനുമായ അൻസറിന് ചാരിതാർഥ്യം.

രാഹുൽ ഭക്ഷണംകഴിച്ച പാത്രം ഇനിമുതൽ നിധിപോലെ ഷോക്കേസിൽ സൂക്ഷിക്കുമെന്ന് അൻസർ. അരമണിക്കൂർ രാഹുൽ കടയിൽ ചെലവഴിച്ചു. തുടർന്ന് നന്ദിപറഞ്ഞ് ആൾക്കൂട്ടത്തിലേക്ക്. കെ.സി.വേണുഗോപാൽ, കെ.മുരളീധരൻ, ഡി.സി.സി. പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കൊടിക്കുന്നിൽ സുരേഷ്, സി.ആർ.മഹേഷ് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.