ന്യൂയോർക്ക്: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമക്ക് മികച്ച പശ്ചാത്തല വിവരണത്തിനുള്ള എമ്മി പുരസ്കാരം. ലോകത്തെ ദേശീയ ഉദ്യാനങ്ങളെ കുറിച്ച് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത ഔർ ഗ്രേറ്റ് നാഷനൽ പാർക്സ് എന്ന ഡോക്യുമെന്ററി പരമ്പരയുടെ വിവരണത്തിനാണ് ഈ വർഷത്തെ എമ്മി പുരസ്കാരം ഒബാമക്ക് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള ദേശീയ ഉദ്യാനങ്ങളെ കുറിച്ചാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. എമ്മി പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ യു.എസ് പ്രസിഡന്റാണ് ഒബാമ.

2017ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഭാര്യ മിഷേലിനൊപ്പം ഒബാമ തുടങ്ങിയ ഹയർ ഗൗണ്ട് എന്ന നിർമാണ കമ്പനിയാണ് ഔർ ഗ്രേറ്റ് നാഷനൽ പാർക്സിന്റെ പിന്നിൽ. ഡേവിഡ് ആറ്റൻബറോ, ലുപിത ന്യോഗോ, കരീം അബ്ദുൽ ജബ്ബാർ എന്നിവരായിരുന്നു മത്സരത്തിനുണ്ടായിരുന്ന മറ്റുള്ളവർ.

നേരത്തേ ഒബാമക്ക് മികച്ച വിവരണത്തിനുള്ള ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു. ദ് ഒഡാസിറ്റി ഓഫ് ഹോപ്, ഡ്രീംസ് ഫ്രം മൈ ഫാദർ എന്നീ ഓർമക്കുറിപ്പുകൾക്ക് ശബ്ദം നൽകിയതിനായിരുന്നു അത്. മുൻ യു.എസ് പ്രസിഡന്റ് ഡൈവറ്റ് ഐസൻഹവറിനും എമ്മി പുരസ്കാരം ലഭിച്ചിരുന്നു.