മുംബൈ: വ്യവസായിയും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയും സംഘവും അപടകസമയത്ത് സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയിലായിരുന്നെന്ന് പോലീസ്. വഴിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.

അപകടത്തിനു തൊട്ടുമുമ്പുള്ള 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടത് ഒന്‍പതു മിനിറ്റുകൊണ്ടാണെന്നു പോലീസ് പറഞ്ഞു. അപകടമുണ്ടായപ്പോള്‍ കാറിനു പിന്നിലുള്ള എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ല.

അപകടത്തില്‍ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് നിഗമനം.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സൂര്യ നദിയിലെ പാലത്തിലുള്ള റോഡ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

നാലു പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അനയ്ത പാന്‍ഡോള്‍, ഡാരിയസ് പാന്‍ഡോള്‍ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടിരുന്നു.