ന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്.) അപകടകരവും ആവശ്യത്തിന് യോജിക്കാത്തതുമായിത്തീർന്നിരിക്കുന്നുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് മേധാവി യുറി ബോറിസോവ്.. സ്വന്തം ബഹിരാകാശ നിലയം വിക്ഷേപിക്കാനുള്ള പദ്ധതികളുമായി റഷ്യ മുന്നോട്ടുപോവുകയാണ്. 24 വർഷം പഴക്കമുള്ള ബഹിരാകാശ നിലയത്തിലെ ഉപകരണ തകരാറുകളും പഴക്കം ചെന്ന ഭാഗങ്ങളും അവിടെ കഴിയുന്ന സഞ്ചാരികൾക്ക് അപകടകരമാണെന്ന് യുറി ബോറിസോവ് പറഞ്ഞു.

മറ്റ് പല മേഖലകളിലും എതിർപക്ഷത്ത് നിലകൊള്ളുന്ന യു.എസും റഷ്യയും പരസ്പരം സഹകരിക്കുന്ന അപൂർവം കാര്യങ്ങളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. എന്നാൽ, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെയുണ്ടായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വേണ്ടിയുള്ള സഹകരണം അവസാനിപ്പിക്കുമെന്ന സൂചനകൾ റഷ്യ ഇതിന് മുമ്പ് നൽകിയിരുന്നു. എങ്കിലും അത്തരം ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് പിൻമാറി സ്വന്തമായി ബഹിരാകാശ നിലയം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ റഷ്യയെന്നാണ് വിവരം. 2024 ന് ശേഷം അതിനുള്ള പദ്ധതിക്ക് തുടക്കമിട്ടേക്കും. ‘സാങ്കേതികമായി ഐഎസ്എസ് അതിന്റെ എല്ലാ വാറന്റി പരിധിയും മറികടന്നിട്ടുണ്ട്. ഇത് അപകടരമാണ്.’ ബോറിസോവ് പറഞ്ഞു. ഇടിഞ്ഞുവീഴുന്നതിനിടയാക്കുന്ന ഉപകരണ തകരാറുകൾ തുടങ്ങിയിട്ടുണ്ട്. വിള്ളലുകൾ കാണുന്നുണ്ട് അദ്ദേഹം പറഞ്ഞു.

റഷ്യുടെ ബഹിരാകാശ നിലയം ഭൂമിയുടെ ഭ്രമണ പഥത്തിൽ ധ്രുവങ്ങളെ ചുറ്റും വിധമാവും വിന്യസിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി റഷ്യയുടെ വലിയ ഭൂപ്രദേശം കാണാനും കോസ്മിക് റേഡിയേഷൻ ഉൾപ്പടെയുള്ളവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും സാധിക്കും. 1998-ൽ വിക്ഷേപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 2000-ന് ശേഷം മനുഷ്യരുടെ സ്ഥിരസാന്നിധ്യമുണ്ട്. അമേരിക്കയേയും, റഷ്യയേയും കൂടാതെ, കാനഡ, ജപ്പാൻ എന്നിവരും 11 യൂറോപ്യൻ രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്. 2030 വരെ നിലയം പ്രവർത്തിപ്പിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. 

കഴിഞ്ഞമാസം റഷ്യ തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ മാതൃക പുറത്തുവിട്ടിരുന്നു. തങ്ങളോട് സൗഹൃദമുള്ള രാജ്യങ്ങളെ ഇതിൽ സഹകരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ തങ്ങളുടെ നേതൃത്വത്തിൽ ഒരു പദ്ധതിയാണ് റഷ്യ ആഗ്രഹിക്കുന്നത് എന്ന സൂചനയാണ് ഇതു നൽകുന്നത്. ചൈന ഉൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങളെ പങ്കാളികളാക്കാനാണ് റഷ്യ കണക്കുകൂട്ടുന്നത്.

അതേസമയം, ചൈന ഇതിനകം സ്വന്തം നിലയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 15 വർഷക്കാലത്തേക്കാണ് ഇതിന്റെ കാലാവധി കണക്കാക്കുന്നത്. നിലവിൽ ചൈന ഒറ്റയ്ക്കാണ് നിലയം കൈകാര്യം ചെയ്യുന്നത്.