രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള സമയമായി. 25 വര്‍ഷം രാജ്യത്തിന് അതിപ്രധാനമാണ്. വലിയ പദ്ധതികളാണുള്ളത്. അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമ്പൂര്‍ണ വികസിത ഭാരതം, അടിമത്ത നിര്‍മ്മാര്‍ജ്ജനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധര്‍മം പാലിക്കല്‍ എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് അടുത്ത 25 വര്‍ഷത്തേക്ക് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണ്. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള മഹാന്‍മാരെ അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ വി ഡി സവര്‍ക്കറെയും അദ്ദേഹം പരാമര്‍ശിച്ചു. നാരായണ ഗുരു ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു.റാണി ലക്ഷ്മി ഭായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ കണ്ടു.ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓര്‍ക്കണം. 75 വര്‍ഷത്തെ യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. ജനാധപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് നാം തെളിയിച്ചു.

വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയില്‍ അഭിമാനിക്കണം. ഭാവിതലമുറയെ കാത്തിരിപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നില്ല. സാമൂഹികമായ ഉണര്‍വ് അടുത്തകാലത്തുണ്ടായി. ജനത കര്‍ഫ്യു അടക്കം കോവിഡ് പ്രതിരോധ നടപടികള്‍ ഈ ഉണര്‍വിന്റെ ഫലമാണ്. സ്ത്രീ വിരുദ്ധത തുടച്ചു നീക്കണം. അഴിമതി ഇല്ലാതാക്കണം. അഴിമതിയും കുടുംബവാഴ്ചയും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.