മുംബൈ: മഹാരാഷ്ട്രയില്‍ ഫോണ്‍കോളുകള്‍ എടുക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ‘ഹലോ’ എന്നു പറയുന്നതിനുപകരം ‘വന്ദേമാതരം’ എന്നു പറയണമെന്ന് മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡേ മന്ത്രിസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷമാണ് ബിജെപി നേതാവായ മന്ത്രിയുടെ പ്രഖ്യാപനം.

”ഹലോ” ഇംഗ്ലീഷ് വാക്കാണ്. അത് ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം നമ്മള്‍ ആഘോഷിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരെല്ലാം ഇനിമുതല്‍ ഫോണ്‍ എടുക്കുമ്പോള്‍ വന്ദേമാതരം പറഞ്ഞുതുടങ്ങണം. ഇത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. ‘വന്ദേമാതരം ഒരു വാക്ക് മാത്രമല്ലെന്നും ഇതൊരു വികാരമാണെന്നും ജനങ്ങളും ഈ വിധത്തില്‍ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.