വാഷിംഗ്ടണ്‍: ഇന്ത്യയുടെ 76 ാം സ്വാതന്ത്രദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മഹാത്മാഗാന്ധിയുടെ സത്യത്തിലും അഹിംസയിലും ചുവടുറപ്പിച്ച് ഇന്ത്യയിലെ ജനങ്ങള്‍ നടത്തുന്ന ജനാധിപത്യ യാത്രയെ അമേരിക്ക ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎസും നിസ്തുല പങ്കാളികളാണ്. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിൡളെ ഇരുരാജ്യങ്ങളും ഒന്നുചേര്‍ന്ന് നേരിടുമെന്നും ബൈഡന്‍ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സുദൃഢമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. മാനുഷികാന്തസിലും സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലും അധിഷ്ടിതമായ ഒരു പങ്കാളിത്തമാണ് ഇന്ത്യമായുള്ളതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

അമേരിക്കയെ കൂടുതല്‍ നൂതനവും ശക്തവുമായ രാജ്യമാക്കി മാറ്റിയെടുക്കുന്നതിന് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.