ഐപിഎല്ലില്‍ നിന്ന് വിരമിക്കാതെ എം എസ് ധോണിക്ക് വിദേശ ടി20 ലീഗുകളില്‍ ടീമുകളുടെ ഭാഗമാകാന്‍ കഴിയില്ലെന്ന് ബിസിസിഐ ഉന്നതന്‍. ദക്ഷിണാഫ്രിക്കയിലും യുഎഇയിലും തുടങ്ങാനിരിക്കുന്ന ടി20 ലീഗുകളില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കിയ സാഹചര്യത്തില്‍ ധോണിയെ ഉപദേശകന്‍റെ വേഷത്തില്‍ കാണാമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതാവുകയാണ്. 

നിയമം വ്യക്തമാണ്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാതെ ആഭ്യന്തര താരങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും മറ്റ് ലീഗുകളുടെ ഭാഗമാകാന്‍ കഴിയില്ല. വരാനിരിക്കുന്ന ടി20 ലീഗുകളില്‍ കളിക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അത് ബിസിസിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച ശേഷം മാത്രമേ കഴിയൂ. വിദേശ ലീഗിന്‍റെ ഭാഗമായാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കളിക്കാനാവില്ല. അങ്ങനെ ഭാഗമാകണമെങ്കില്‍ ഐപിഎല്ലില്‍ നിന്ന് ആദ്യം വിരമിക്കുകയാണ് വേണ്ടത്’ എന്നും ബിസിസിഐ ഉന്നതന്‍റെ വാക്കുകളെ ഉദ്ധരിച്ച് ദ് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി ഇപ്പോള്‍ സിഎസ്‌കെയ്‌ക്കായി ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. 

ദക്ഷിണാഫ്രിക്കയിലും യുഎഇയിലുമാണ് ടി20 ലീഗുകള്‍ വരാനിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകള്‍ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ടീമുകളെ സ്വന്തമാക്കിയിരുന്നു. അതേസമയം മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ യുഎഇയുടെ ഇന്‍റര്‍നാഷണല്‍ ടി20 ലീഗിലും ടീമിനെ സ്വന്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ സിഎസ്‌കെയുടെ ഉടമസ്ഥതയില്‍ വരുന്ന ടീമില്‍ ധോണി ഉപദേശകനായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്ന താരങ്ങളെ വിദേശ ലീഗുകളുടെ ഭാഗമാകാന്‍ അനുവദിക്കില്ലെന്നാണ് ബോര്‍ഡിന്‍റെ നിലപാട്. 

വിദേശ ടി20 ലീഗുകളുടെ ഭാഗമാകാന്‍ ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ അനുവദിക്കാത്തത് ഏറെക്കാലമായി വലിയ ചര്‍ച്ചാ വിഷയമാണ്. ഈ വിഷയം ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് അടുത്തിടെ ഉയര്‍ത്തിയിരുന്നു. ഞാന്‍ ഐപിഎല്ലിനെ വിമര്‍ശിക്കുകയല്ല, എന്നാല്‍ എന്തുകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിഗ് ബാഷില്‍ കളിച്ചുകൂടാ? എനിക്ക് ഒരിക്കലും ഈ ചോദ്യത്തിന് തുറന്നതും സത്യസന്ധവുമായ ഉത്തരം ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് ചില ലീഗുകൾ ലോകത്തിലെ എല്ലാ കളിക്കാരെയും സ്വീകരിക്കുന്നത്? മറ്റൊരു ടി20 ലീഗിലും ഒരു ഇന്ത്യൻ താരവും കളിക്കുന്നുമില്ല- ഇതായിരുന്നു ഗില്ലിയുടെ ചോദ്യം.