ഓസ്ട്രേലിയയിൽനിന്നു കൊച്ചിയിൽ പറന്നിറങ്ങുമ്പോൾ പ്രൊഫ. ഡോ. ഓവൻ ക്രിസ്റ്റഫർ റാഫേലിന്റെ മനസ്സുനിറയെ ‘ഹൃദയ’ ചിന്തകളായിരുന്നു. ഇമേജിങ്ങും ഫിസിയോളജിയും അടക്കം ഹൃദയചികിത്സാ രംഗത്തെ അതിനൂതന സംവിധാനങ്ങളുടെ ഉസ്താദ് തന്നെയായ ഒരാൾ. ശ്രീലങ്കയിൽ ജനിച്ച് ന്യൂസീലൻഡിലും അമേരിക്കയിലുമായി വൈദ്യശാസ്ത്രം പഠിച്ച് ഇപ്പോൾ ഹൃദയചികിത്സാ രംഗത്തെ ലോകത്തിലെ തന്നെ പ്രമുഖ ഡോക്ടർമാരിലൊരാളായ ഓസ്ട്രേലിയക്കാരൻ.

ബ്രിസ്ബേനിലെ പ്രിൻസ് ചാൾസ് ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗം മേധാവിയായ ക്രിസ്റ്റഫർ റാഫേൽ കൊച്ചിയിൽ ഇമേജിങ് ആൻഡ് ഫിസിയോളജി കൗൺസിൽ ഓഫ് ഇന്ത്യ (ഐ.പി.സി.ഐ.) ദേശീയ സമ്മേളനത്തിനെത്തിയ നേരത്ത് സംസാരിക്കുന്നു.

ഹൃദയചികിത്സാ രംഗത്ത് അതിനൂതന സംവിധാനങ്ങൾ വരുന്നത് എത്രത്തോളം ഗുണകരമാകുന്നുണ്ട്?

ഇമേജിങ്ങും ഫിസിയോളജിയും ഹൃദയചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അതിസൂക്ഷ്മ ക്യാമറ സംവിധാനം ഉപയോഗിച്ച് രക്തക്കുഴലുകളുടെ ഉള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നതാണ് ഇമേജിങ് ചികിത്സ. രക്തക്കുഴലുകളിൽ ബ്ലോക്കുള്ള ഭാഗത്തിന്റെ ഉള്ളിലൂടെ ചെറിയ പ്രഷർ വയർ കടത്തിവിടുന്ന ഫിസിയോളജി സംവിധാനവും ഏറെ ഫലപ്രദമാണ്.

കൊച്ചിയെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

ഇന്ത്യയിൽ ഇതിനു മുമ്പ് വന്നിട്ടുണ്ടെങ്കിലും കൊച്ചിയിൽ ആദ്യമായിട്ടാണ് വരുന്നത്. സമ്മേളനത്തിനു രണ്ടുമൂന്നു ദിവസം മുമ്പ് എത്തിയതിനാൽ നിങ്ങളുടെ നഗരം എനിക്കു ചുറ്റിനടന്നു കാണാനായി. ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയിലെ ജൂതത്തെരുവുമൊക്കെ സന്ദർശിച്ചത് വലിയ അനുഭവമായി. സിനഗോഗിന്റെ അടുത്തുതന്നെ മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും ക്ഷേത്രവുമൊക്കെ കണ്ടപ്പോൾ അദ്ഭുതവും ആദരവും തോന്നി.

കേരളീയരുടെ ഹൃദയവും ആരോഗ്യവും എങ്ങനെയുണ്ട് ?

കൊച്ചിയിലെ സുഹൃത്തുക്കളായ ഡോക്ടർമാരോട് ഞാൻ ഇവിടത്തെ ആളുകളുടെ ആരോഗ്യത്തെപ്പറ്റി ചോദിച്ചിരുന്നു. നേരത്തേ ചെന്നൈയിൽ സമ്മേളനത്തിനു വന്നപ്പോഴും കേരളത്തിലെ ആരോഗ്യ രംഗത്തെപ്പറ്റി ചർച്ചയുണ്ടായിരുന്നു. പണ്ടുകാലത്തെ ജീവിതശൈലി കൊണ്ട് ഏറെ ആരോഗ്യമുള്ളവരായിരുന്നു കേരളീയർ എന്നു മനസ്സിലായി. എന്നാൽ ഇന്നു നഗരജീവിതത്തിന്റെ വേഗം അവരുടെ ഭക്ഷണക്രമത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ പലർക്കും ജീവിതശൈലി കൊണ്ട് പ്രമേഹവും കൊളസ്ട്രോളുമൊക്കെ കൂടുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും ആരോഗ്യരംഗത്തു കൊച്ചിക്കാർ അവരുടെ ഹൃദയം നന്നായി സൂക്ഷിക്കണം.