മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുാകര്‍ യാദവിന്‍റെ വാഹനക്കമ്പം പ്രശസ്തമാണ്. ഇപ്പോഴിതാ മെഴ്സിഡസ് ബെന്‍സിന്‍റെ ആഡംബര എസ്‌യു‌വിയായ GLS AMG 63 സ്വന്തമാക്കിയിരിക്കുകയാണ് സൂര്യകുമാര്‍. സൂര്യകുമാറും പത്നി ദേവിഷാ ഷെട്ടിയും ചേര്‍ന്ന് ഷോറൂമില്‍ നിന്ന് കാര്‍ ഏറ്റുവാങ്ങി.

എഎംജി വേരിയന്‍റായ ജിഎല്‍സിന്‍റെ എക്സ് ഷോറൂം വില ഏകദേശം 2.15 കോടി രൂപയാണ്. സൂര്യകുമാര്‍ പുതിയ കാര്‍ ഏറ്റുവാങ്ങുന്ന ചിത്രം ഓട്ടോഹാങ്ങര്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചു. അധികം വൈകാതെ താന്‍ Porsche Turbo 911ന്‍റെ ഉടമയാകുമെന്ന് സൂര്യകുമാര്‍ ഈ മാസമാദ്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തി കസ്റ്റമൈസ് ചെയ്ത കാറിന് 3.64 കോടിയാണ് മുംബൈയിലെ എക്സ് ഷോറൂം വില.ആവശ്യക്കാര്‍ കൂടിയതിനെത്തുടര്‍ന്ന് GLS AMG 63 ന്‍റെ ബുക്കിംഗ് 2023വരെ മെഴ്സിഡെസ് നിര്‍ത്തിവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച GLS AMG 63 നിരത്തിലിറങ്ങും മുമ്പെ 50 എണ്ണമാണ് വിറ്റുപോയത്. ഇതിന് പുറമെ ഈ വര്‍ഷമാദ്യം നിസാന്‍റെ ആഡംബര എസ്‌യുവിയായ ജോംഗയും സൂര്യകുമാര്‍ തന്‍റെ കാര്‍ശേഖരത്തിലെത്തിച്ചിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയ സൂര്യകുമാര്‍ യാദവ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയുടെ നെടുന്തൂണാണ്.