ന്യൂയോര്‍ക്ക്: അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നടന്ന ചോദ്യംചെയ്യലിലാണ് മുന്‍പ്രസിഡന്റ് തന്റെ ഭാഗം വ്യക്തമാക്കിയത്.

നിയമത്തിലെ അഞ്ചാം ഭേദഗതി താന്‍ ഉപയോഗിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബിസിനസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതിരുന്നത്. ഒരാളെ കുടുക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ അയാളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നതാണ് നിയമത്തിലെ അഞ്ചാം ഭേദഗതി.

താങ്കള്‍ നിരപരാധിയെങ്കില്‍ അഞ്ചാം നിയമഭേദഗതി ഉപയോഗിക്കുന്നത് എന്തിനെന്ന് അന്വേഷണ എജന്‍സികള്‍ ചോദിച്ചതായി ട്രംപ് വ്യക്തമാക്കി. ആസ്തിവിവരങ്ങളുടെ തെറ്റായ കണക്കുകളാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ നല്‍കുന്നതെന്നാണ് ആരോപണം.

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ഇക്കാര്യം ശരിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം. സാമ്പത്തിക കണക്കുകളില്‍ ആസ്തി സംബന്ധിച്ച് കൃത്രിമം കാണിച്ച് സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുകയാണെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ എഫ്ബിഐ റെയ്ഡ് നടത്തിയിരുന്നു. എഫ്ബിഐ എല്ലാ അനിശ്ചിതത്വങ്ങളും നീക്കിയിട്ടുണ്ടെന്നും ഭരണകൂടവും പ്രോസിക്യൂട്ടര്‍മാര്‍ക്കും മര്യാദയുടെ എല്ലാ ധാര്‍മിക വരമ്പുകളും ഭേദിച്ചതായും ട്രംപ് കുറ്റപ്പെടുത്തി.