ന്യൂഡല്‍ഹി: രാജ്യാന്തര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വിമാനകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കസ്റ്റംസ് വകുപ്പിനാണ് യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറേണ്ടത്. വിമാനക്കമ്പനികളുടെ റിസര്‍വേഷന്‍ സംവിധാനത്തിലുള്ള വിവരങ്ങളാണ് കസ്റ്റംസിനു കൈമാറേണ്ടത്. വിദേശങ്ങളിലേക്കു യാത്രയാവുന്നവരുടെയും വിദേശങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവരുടെയും പൂര്‍ണവിവരങ്ങള്‍ നല്‍കണം.

യാത്രക്കാരന്റെ പേരുവിവരങ്ങള്‍, യാത്രാതീയതി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സീറ്റ് നമ്പര്‍ മുതലായ വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

കേന്ദ്ര പരോക്ഷനികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂര്‍ മുമ്പാണ് ഇത്തരം വിവരങ്ങള്‍ കമ്പനികള്‍ കൈമാറേണ്ടത്.

ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ട്രാവല്‍ എജന്‍സി, ബാഗ്ഗേജ് ഇന്‍ഫര്‍മേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും കമ്പനികള്‍ നല്‍കണം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ അഞ്ചുവര്‍ഷംവരെ സര്‍ക്കാര്‍ സൂരക്ഷിതമായി സൂക്ഷിക്കും.