കൊച്ചി: പള്ളിത്തർക്കത്തിൽ പുതിയ നിർദ്ദേശവുമായി ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് മുമ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളിൽ സമവായ നിർദ്ദേശവുമായാണ് ഹൈക്കോടതി രംഗത്ത് വന്നത്. യാക്കോബായാ വിഭാഗത്തിന് പരിമിതമായ സൗകര്യങ്ങൾ അനുവദിക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം ഓർത്തഡോക്സ് സഭ എതിർത്തു.

കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയക്ക് വന്നത്. ഇവിടെ സിംഗിൾബെഞ്ച് സുപ്രീം കോടതി വിധി നടപ്പാക്കാൻ സി.ആർ.പി.എഫിനെ നിയോഗിക്കാൻ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് വന്ന അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സമവായ നിർദ്ദേശം മുന്നോട്ട് വെച്ചത്. 

യാക്കോബായ വിഭാഗത്തിന് ഇടവക വിശ്വാസികൾക്കിടയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളിൽ പുതിയ ഒരു നിർദ്ദേശം നടപ്പിലാക്കാൻ സാധിക്കുമോ എന്നാണ് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞിരിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളിൽ അവർക്ക് പരിമിതമായ ആരാധന സൗകര്യം ഏർപ്പെടുത്താൻ കഴിയുമോ എന്നും അതിനുള്ള സാധ്യത പരിശോധിക്കാനുമാണ് കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ പള്ളികളിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭരണപരമായ കാര്യങ്ങളും പള്ളിയുടെ വികാരി അടക്കമുള്ളവ ഓർത്തഡോക്സ് സഭ തന്നെ ആയിരിക്കും. എന്നാൽ വിശ്വാസികളിൽ ഭൂരിപക്ഷമുള്ള യാക്കോബായ സഭയ്ക്ക് പരിമിതമായ സൗകര്യങ്ങൾ നൽകുക എന്നാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേശം. ഒരുമാസത്തിനുള്ളിൽ സർക്കാർ ഇതിന്റെ നിർദ്ദേശം അറിയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.