മുംബൈ: ഗാന്ധിയൻ ആശയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്ത് ശക്തിപ്രാപിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പറഞ്ഞു. സബർമതി ആശ്രമത്തെ ഏറ്റെടുക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമം ഇതിന്‍റെ ഭാഗമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ നടത്തിയ സമാധാന റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

പ്രവ‍ർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് ക്വിറ്റ് ഇന്ത്യസമര പ്രഖ്യാപന വേദിയിൽ ഗാന്ധി പറഞ്ഞ വാക്കുകൾ. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് 80ആം വാർഷികത്തിൽ ഓർമകൾ പുതുക്കി കുറേപേർ ഒത്ത് കൂടി. മുംബൈ തീരത്തെ ബാലഗംഗാധര തിലകിന്‍റെ പ്രതിമയ്ക്ക് മുന്നിൽ നിന്നായിരുന്നു ആഗസ്റ്റ് ക്രാന്തി മൈതാനത്തെ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിലേക്ക് കാൽനട ജാഥ. വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പിടിയിലാണ് രാജ്യമെന്ന് ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പറഞ്ഞു. സബർമതി ആശ്രമത്തിൽ നടത്താൻ പോവുന്ന വമ്പൻ വികസന പദ്ധതി ഗാന്ധിയൻ സ്ഥാപനങ്ങളെ തട്ടിയെടുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേധാ പട്കർ, മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് തുടങ്ങി നിരവധി പേരാണ് സമാധാനയാത്രയ്ക്കെത്തിയത്.