പെരുമ്പാവൂർ: ശബരിമലയിൽ മണ്ഡലം – മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശർക്കര പായസം, പമ്പയിൽ അവിൽ പ്രസാദം തുടങ്ങിയവ തയ്യാറാക്കി ഏൽപ്പിക്കുന്നതിന് ഇക്കൊല്ലം ദേവസ്വം നൽകിയ ടെൻഡർ പരസ്യത്തിൽനിന്ന് സമുദായ നിബന്ധന ഒഴിവാക്കി. ‘മലയാള ബ്രാഹ്മണരെ’ക്കൊണ്ട് ഇവ തയ്യാറാക്കണമെന്ന് മുൻകാലങ്ങളിൽ പരസ്യങ്ങളിൽ നിഷ്കർഷിച്ചിരുന്നു.

പ്രത്യേക സമുദായത്തിലുള്ളവർക്കു മാത്രം അവസരം നൽകുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും അയിത്താചരണത്തിന് തുല്യവുമാണെന്ന് ആരോപിച്ച് അംബേദ്കർ സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻ കദളി മുൻപ് സംസ്ഥാന സർക്കാരിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.

പരസ്യത്തിൽ ജാതി വിവേചനം പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഫുൾബെഞ്ച് 2001-ൽ തന്നെ വിധിച്ചതാണെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദേവസ്വം നൽകിയ പരസ്യത്തിൽ ജാതി നിബന്ധന ഒഴിവാക്കി.