എല്ലാ ദിവസവും രാവിലെ ആദ്യം തന്നെ ഒരു ഗ്ലാസ് ചായ കുടിക്കുന്ന ശീലമുള്ളവരുണ്ട്. ചൂടുള്ള ചായ കുടിക്കാതെ ദിവസം തുടങ്ങുന്നത് അവർക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാൽ, വെറും വയറ്റിൽ ചായ കുടിക്കുന്നത് നല്ലതാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഖപ്രദമായ പാനീയമാണ് ചായയെന്ന് പോഷകാഹാര വിദഗ്ധയും ന്യൂട്രസി ലൈഫ്‌സ്റ്റൈലിന്റെ സിഇഒയുമായ ഡോ. രോഹിണി പാട്ടീൽ പറയുന്നു. പ്രതിരോധശേഷിയും മെറ്റബോളിസവും വർധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

എന്നാൽ, എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് വയറിനെ അസ്വസ്ഥമാക്കും അല്ലെങ്കിൽ വയറ്റിലെ ആസിഡുകളെ ഉത്തേജിപ്പിക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

രാവിലെ ചായ കുടിക്കുന്നതിലൂടെ വായിലെ ബാക്ടീരിയ കുടലിലേക്ക് എത്തുന്നതിന് ഇടയാക്കും. ഇത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ദഹനക്കേടിനും നെഞ്ചെരിച്ചിലും കാരണമാവുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ചായ കുടിച്ചാലുള്ള പാർശ്വ ഫലങ്ങൾ

  1. തലവേദന

തലവേദന കുറയ്ക്കാൻ നിങ്ങൾ ഒരു കപ്പ് ചായ കുടിച്ചിട്ടുണ്ടാകാം, പക്ഷേ ചായയിൽ കഫീൻ അടങ്ങിയതാണ് ഇതിന് പിന്നിലെ കാരണം. ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് ഇത് ഒഴിവാക്കാൻ സഹായിക്കും.

  1. ദഹനക്കേടും നിർജ്ജലീകരണവും

ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ദഹനവ്യവസ്ഥയിൽ ഗ്യാസ് ഉണ്ടാക്കും. ചായ ഡൈയൂററ്റിക് ആണ്, ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. അതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിന് കാരണമാകും.

രാത്രിയിൽ മണിക്കൂറുകളോളം ഉറങ്ങുന്നതിനാൽ നിങ്ങളുടെ ശരീരത്തിൽ ഇതിനകം തന്നെ നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ട്, രാവിലെ നിങ്ങൾ ഉണരുമ്പോൾ ചായ കുടിക്കുമ്പോൾ അത് നിർജ്ജലീകരണത്തിന് കാരണമാകുന്നു,” അവർ പറഞ്ഞു.

  1. പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുന്നു

ചായയിൽ ടാനിൻ എന്ന ഒരു മൂലകം ഉണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന കഫീന് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കാൻ കഴിയും.

  1. അസിഡിറ്റി

ചായ ആമാശയത്തിലെ ദ്രാവകങ്ങളുടെ ആസിഡ് ബേസ്, അസിഡിറ്റിക്ക് കാരണമാകുന്ന ആൽക്കലൈൻ ബാലൻസ് എന്നിവയെ തടസ്സപ്പെടുത്തുന്നു. ആസിഡ് റിഫ്ലക്സ് നെഞ്ചെരിച്ചിൽ ഉണ്ടാക്കാം.

വെറും വയറ്റിൽ ചായ കുടിക്കുന്നതിനു പകരം താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക

പ്രഭാതഭക്ഷണത്തോടൊപ്പമോ അല്ലെങ്കിൽ ചില ലഘുഭക്ഷണങ്ങളോടൊപ്പമോ ചായ കുടിക്കാമെന്ന് പാട്ടീൽ അഭിപ്രായപ്പെട്ടു. ചായയ്ക്ക് മുൻപായി നട്സ് കഴിക്കാം. ചായയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കാം, അത് ആരോഗ്യകരവും ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതുമാണ്. ശർക്കരയും ദഹനത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു.

”ഒരു ഗ്ലാസ് ചൂടുവെള്ളം ആരോഗ്യം നൽകും. ചായ കുടിക്കാനുള്ള ഏറ്റവും നല്ല സമയം ഉച്ചകഴിഞ്ഞ് 3 മണിയാണ്, കാരണം ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും പനിയും ജലദോഷവും തടയുകയും ചെയ്യും,” അവർ പറഞ്ഞു.