സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വ്വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു.

കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയില്‍ ജാഗ്രത തുടരുകയാണ്. തീരദേശത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് അറിയിപ്പ്.