കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍.

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വാര്‍ത്ത നല്‍കിയസംഭവത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പ് രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കെ സുധാകരനോട് മാപ്പ് പറയുന്നതായി രണ്ടുദിവസം ചാനലില്‍ സ്‌ക്രോള്‍ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ രേഖാമൂലം ലോക്്‌സഭയെ അറിയിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി ലഭിച്ച പരാതികള്‍ പരിശോധിക്കുകയും 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്(റെഗുലേഷന്‍) അക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയതെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.

വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കെ.സുധാകരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിനും എംവി നികേഷ് കുമാറിനും എതിരായി ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താന്‍ നോട്ടീസ് അയച്ചിരുന്നു. ഈ കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരന്‍ പറഞ്ഞു.