കോട്ടയം : സ്വർണക്കടയിൽ നിന്ന് മാല എടുത്ത് കൊണ്ടോടിയ മോഷ്ടാവിനെ ചങ്ങനാശ്ശേരി പോലീസ് പിടികൂടി. കർണാടക കുടക് സ്വദേശിയായ കുന്നപ്പുളളി 133-ാം നമ്പർ വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ റിച്ചാർഡ് കെ എസ് (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലുളള ആലുക്കൽ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കള്ളൻ എടുത്തുകൊണ്ട് ഓടിയത്. കഴിഞ്ഞ ദിവസം പകല്‍ പ്രതി  ജ്വല്ലറിയിൽ വന്ന് രണ്ട് പവന്‍റെ  മാല ആവശ്യപ്പെട്ടു. മാല എടുത്തു കയ്യില്‍ വച്ച ശേഷം ചെയിൻ കൂടി വേണമെന്നുപറഞ്ഞു.

ചെയിൻ എടുക്കാനായി കടയുടമ തിരിഞ്ഞ സമയം മോഷ്ടാവ് കൈയ്യിലിരുന്ന മാലയുമായി കടയിൽ നിന്ന് ഇറങ്ങിയോടി. അതിനു ശേഷം പ്രതി സ്വർണ്ണമാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് കിട്ടിയ പണവുമായി ബെംഗളുരുവിലേക്ക് കടന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ്  പ്രതിയെ  ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി എസ് ഐ ജയകൃഷ്ണൻ എം, സുനിൽ ആര്‍, എ എസ് ഐ  രഞ്ജീവ് ദാസ്, സി പി ഓ മാരായ മണികണ്ഠൻ, തോമസ് സ്റ്റാൻലി, അതുൽ കെ മുരളി, സന്തോഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികുടിയത്.