സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. ഉയർന്ന പണപ്പെരുപ്പവും മറ്റ് സാമ്പത്തിക സാഹചര്യങ്ങളുമാണ് ശ്രീലങ്കയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്. ശ്രീലങ്കയുടെ വഴിയേ മാന്ദ്യത്തിലേക്ക് മറ്റ് നിരവധി രാജ്യങ്ങൾ നടന്നടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ഉയർന്ന കടമുള്ള രാജ്യങ്ങളെല്ലാം ഭീഷണിയിൽ നിന്നും മുക്തരല്ലെന്നാണ് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ നൽകുന്ന മുന്നറിയിപ്പ്. ലെബനാൻ, റഷ്യ, സാംബിയ, ബെലാറസ് തുടങ്ങിയ രാജ്യങ്ങളെല്ലാം പ്രതിസന്ധിയിലായി കഴിഞ്ഞു.

150 ബില്യൺ ഡോളർ കടമുള്ള അർജന്റീനയും യഥാക്രമം 40, 45 ബില്യൺ ഡോളർ കടമുള്ള ഇക്വഡോറും ഈജിപ്തും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

അർജന്റീന

50 ശതമാനം ഡിസ്കൗണ്ടിലാണ് അർജന്റീനയുടെ കറൻസിയായ പെസോ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്നത്. ഇതിന് പുറമേ കരുതൽ ശേഖരത്തിന്റെ തോതും ഇടിയുകയാണ്. ബോണ്ടുകളുടെ സ്ഥിതിയും മോശമാണ്. സ്ഥിതി മോശമാണെങ്കിലും 2024 വ​രെ മുന്നോട്ട് പോകാൻ അർജന്റീനക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, വരും വർഷങ്ങളിൽ ഐ.എം.എഫിന്റെ ഉൾപ്പടെ സഹായം അർജന്റീന തേടുമെന്നാണ് റിപ്പോർട്ട്.

യുക്രെയ്ൻ

റഷ്യയുടെ അധി​നിവേശത്തോടെ സാമ്പത്തികമായി വൻ തകർച്ചയിലാണ് യുക്രെയ്ൻ. ഇതോടെ 20 ബില്യൺ ഡോളറിന്റെ കടം പുന:ക്രമീകരിക്കേണ്ട അവസ്ഥയിലേക്ക്‍ യുക്രെയ്ൻ എത്തിയിരുന്നു. ഇതിനായി മോർഗൻ സ്റ്റാൻലി പോലുള്ള സ്ഥാപനങ്ങൾ യുക്രെയ്ന് മേൽ സമ്മർദം ചെലുത്താൻ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ബോണ്ടിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് യുക്രെയ്നിൽ പ്രതിസന്ധി ആരംഭിച്ചത്. ഇപ്പോൾ വായ്പകൾ താൽക്കാലത്തേക്ക് ഫ്രീസ് ചെയ്യണമെന്നാണ് യുക്രെയ്നിന്റെ ആവശ്യം

തുനീസ്യ

ആഫ്രിക്കയിലെ നിരവധി രാജ്യങ്ങൾ പ്രതിസന്ധിയിലാണെങ്കിലും ടുണിഷ്യയാണ് വലിയ വെല്ലുവിളി അഭിമുഖീകരിക്കുന്നതെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 10 ശതമാനം ബജറ്റ് കമ്മിയാണ് ടുണിഷ്യക്കുള്ളത്. ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് തൊഴിലാളികളുടെ ശമ്പളത്തിനാണ്. അധികാരം നിലനിർത്താൻ പ്രസിഡന്റ് തൊഴിലാളി യൂണിയനുകൾക്ക് വഴങ്ങുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇതും ടുണിഷ്യയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.

ഘാന

പണപ്പെരുപ്പം 30 ശതമാനത്തിലേക്ക് അടുത്തതോടെ ഘാനയും സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ്. ഘാനയുടെ കറൻസിയായ സിദിയുടെ മൂല്യവും ഇടിയുകയാണ്. വരുമാനത്തിന്റെ ഭൂരിപക്ഷവും കടം തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. 

ഈജിപ്ത്

വൻ കടബാധ്യതയുള്ള ഈജിപ്തിന്റെ സ്ഥിതിയും അത്ര സുഖകരമല്ല. 2027ന് മുമ്പായി 100 ബില്യൺ ഡോളർ ഈജിപ്ത് തിരി​ച്ച​ടക്കേണ്ടതുണ്ട്. ഐ.എം.എഫിൽ നിന്ന് ഉൾപ്പടെ ഇനി എത്രത്തോളം സഹായം ലഭിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈജിപ്തിന്റെ ഭാവി. ഗൾഫ് രാജ്യങ്ങൾക്കും ഈജിപ്ത് വൻ തുക നൽകാനുണ്ട്. 

പാകിസ്താൻ

വിദേശനാണ്യ കരുതൽ ശേഖരത്തിൽ വലിയ കുറവാണ് പാകിസ്താൻ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. വിദേശനാണ്യ കരുതൽ ശേഖരം 9.8 ബില്യൺ ഡോളറായി ഇടിഞ്ഞു. അഞ്ചാഴ്ചത്തെ ഇറക്കുമതിക്ക് മാത്രമേ ഈ തുക തികയുവെന്നാണ് വിലയിരുത്തൽ. പാകിസ്താനി രൂപ റെക്കോർഡ് തകർച്ചയിലാണ്. ചെലവ് വെട്ടിച്ചുരിക്ക പിടിച്ചുനിൽക്കാണ് പാകിസ്താന്റെ ശ്രമം. വരുമാനത്തിന്റെ 40 ശതമാനവും പാകിസ്താൻ വായ്പ തിരിച്ചടവിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു 

കോവിഡും പിന്നാലെത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധവുമാണ് ലോകരാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. ഇന്ത്യയിലും കാര്യങ്ങൾ അത്രക്ക് സുഖകരമല്ലെന്നാണ് വിലയിരുത്തൽ. വലിയ കടക്കെണിയെ ഇന്ത്യയും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ ശ്രീലങ്കയെ പോലുള്ള അവസ്ഥയിലേക്ക് അത്ര പെട്ടെന്ന് ഇന്ത്യ എത്തില്ലെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാറും ഈ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.