നാലാംതലമുറയിൽ മൂന്നു കൺമണികൾ പിറന്നതിന്റെ സന്തോഷത്തിലാണ് 77 വയസുള്ള കാർത്യായനിയമ്മ. 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കൊച്ചുമകൾ വിദ്യക്ക് ഈ കൺമണികൾ പിറന്നത് എന്നതും കാർത്യായനിയമ്മയേയും കുടുംബത്തേയും കൂടുതൽ സന്തോഷത്തിലാക്കുന്നു. കൃത്രിമ ഗർഭധാരണ(ഐ.വി.എഫ്.)ത്തിലൂടെയാണ് 34കാരിയായ വിദ്യക്ക് ഒറ്റ പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ പിറന്നത്. ഒരാണും രണ്ടു പെണ്ണും.

ഇക്കഴിഞ്ഞ മേയ് 17-ന് കാഞ്ഞങ്ങാട്ടെ സൺറൈസ് ആശുപത്രിയിലായിരുന്നു പ്രസവിച്ചത്. തൂക്കം കുറവായതിനാൽ മൂന്നു പേരേയും നവജാത ശിശു തീവ്ര പരിചരണ കേന്ദ്രത്തിലേക്കു മാറ്റി. കുട്ടികൾക്ക് മംഗളൂരുവിൽ നിന്ന് മുലപ്പാൽ എത്തിച്ചു നൽകേണ്ടിയും വന്നു. തൂക്കവും വളർച്ചയും കണക്കുപ്രകാരമായതോടെ ഏതാനും ദിവസം മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. 

മഡിയൻകൂലോം ക്ഷേത്രത്തിനടുത്തെ പരേതനായ അത്തിക്കാൽ കണ്ണന്റെയും കാർത്യായനിയമ്മയുടെയും മകൾ ഭാർഗവിയുടെ മൂത്ത മകളാണ് വിദ്യ. അട്ടേങ്ങാനം സ്വദേശിയായ ബി.കെ.ദിനേശനാണ് വിദ്യയുടെ ഭർത്താവ്. ഇരുവരും 2008-ലാണ് വിവാഹിതരായത്.

തിരുവനന്തപുരമുൾപ്പടെ വിവിധ ജില്ലകളിലും മംഗ്ലൂരുവിലുമെല്ലാം ചികിത്സ തേടിയിരുന്നെങ്കിലും ഇവർക്കു കുട്ടികളുണ്ടായിരുന്നില്ല. തുടർന്ന് ഐ.വി.എഫ്. തിരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ നിന്നു രണ്ടു തവണ ഐ.വി.എഫ് പരീക്ഷിച്ച് പരാജയപ്പെട്ടുവെന്നും തുടർന്നാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയതെന്നും ദിനേശനും വിദ്യയും പറയുന്നു.

കൺമണികൾ പിറന്നതിന്റെ അടുത്ത ദിവസം തന്നെ വിദ്യയ്ക്ക് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായി പി.എസ്.സി.യുടെ നിയമന ഉത്തരവും കിട്ടിയത് ഇരട്ടി സന്തോഷമായി. സൺറൈസ് ആശുപത്രിയിലെ ഐ.വി.എഫ്. കൺസൾട്ടന്റും ഗൈനോക്കോളജിസ്റ്റുമായ ഡോ.രാഘവേന്ദ്ര പ്രസാദ്, നവജാത ശിശുരോഗ വിദഗ്ധൻ ഡോ.ഉദയ് ശ്രീനിവാസ്, അനസ്തീഷ്യ ഡോ.ശശിധര റാവു, എംപ്രേിയോളജിസ്റ്റ് ഡോ.സി.പി.പ്രശാന്ത്, എം.കെ.വിനോദ്കുമാർ,ദിനേശൻ, വിദ്യ എന്നിവരും ആശുപത്രിയിലെ സ്റ്റാഫും ചേർന്ന് കേക്കു മുറിച്ച് സന്തോഷം പങ്കിട്ടു.