കൊല്ലം: വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിർമിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് സൈഡിൽ താമസിക്കുന്നവർക്ക് വഴി സൗകര്യം ക്രമീകരിക്കാത്തതാണ് കെബി ഗണേഷ്കുമാറിനെ ചൊടിപ്പിച്ചത്.

റോഡ് നിർമാണത്തിന്റെ ഭാഗമായി വീടിനെക്കാൾ ഉയരത്തിൽ കരിങ്കൽ ഭിത്തികെട്ടിയതോടെയാണ് വഴിയടഞ്ഞത്. പത്തനാപുരം മുക്കടവിൽ താമസിക്കുന്ന നീതിഭവനിൽ ശ്രീകുമാരി ഒരുവർഷം മുമ്പ് ഇക്കാര്യം ചുണ്ടിക്കാട്ടി എംഎൽഎയ്ക്ക് പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എംഎൽഎ നിർദേശിച്ചു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് എംഎൽഎ റോഡിന്റെ നിർമാണ ചുമതലയുള്ള കെഎസ്ടിപി ഉദ്യോഗസ്ഥരേയും കരാറുകാരേയും ശകാരിച്ചത്.

പലതവണ പരാതി പറഞ്ഞപ്പോഴും റോഡിൽനിന്ന് വീട്ടിലേക്ക് റാമ്പ് സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നും എന്നാൽ ഇതുവരെ ഇതൊന്നും നടന്നിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. റോഡിൽനിന്ന് താത്കാലിക റാമ്പ് നിർമിച്ചാണ് നിലവിൽ വീട്ടുകാർ വഴിയൊരുക്കിയിട്ടുള്ളത്.