സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകളില്ലാത്ത (പി.യു.സി.) വാഹന ഉടമകൾക്കെതിരേ നടപടിക്ക് സർക്കാർ. ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയക്കും. തുടർന്നും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് 10,000 രൂപ പിഴ ചുമത്താനും അധികൃതർ തീരുമാനിച്ചു. പി.യു.സി. സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങൾ നഗരത്തിൽ ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകളും വകുപ്പ് ഊർജിതമാക്കും.

കഴിഞ്ഞ പി.യു.സി. മാനദണ്ഡം കർശനമായി നടപ്പാക്കിയതിനാൽ വർഷം ഗതാഗത വകുപ്പ് 60 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. നിലവിൽ 13 ലക്ഷം ഇരുചക്രവാഹനങ്ങളും മൂന്നുലക്ഷം കാറുകളും ഉൾപ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങൾ സാധുവായ പി.യു.സി. ഇല്ലാതെ തലസ്ഥാനത്ത് ഓടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. 

ഇവരെ കണ്ടെത്തുന്നതുവഴി, പി.യു.സി. സർട്ടിഫിക്കേഷന്റെ വിശ്വാസ്യത മെച്ചപ്പെടുമെന്നും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ, മോട്ടോർ വാഹന നിയമപ്രകാരം ആറുമാസം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കാവുന്നതാണ്. കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് എന്നിങ്ങനെ വിവിധ വാതകങ്ങൾ പുറന്തള്ളുന്നതിനാൽ ഇടയ്ക്കിടെ പരിശോധിക്കണം.

ഡൽഹിയിൽ ഗതാഗതവകുപ്പ് നേരിട്ട് നടത്തുന്ന 900 മലിനീകരണ പരിശോധനാ കേന്ദ്രങ്ങളുണ്ട്. പെട്രോൾപമ്പുകളിലും വർക്ഷോപ്പുകളിലും ഇത്തരം സൗകര്യങ്ങളുണ്ട്. പെട്രോളും സി.എൻ.ജി.യും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. നാലുചക്ര വാഹനങ്ങൾക്ക് 80 രൂപയും. ഡീസൽ വാഹനങ്ങളുടെ മലിനീകരണ പരിശോധന സർട്ടിഫിക്കറ്റിന് 100 രൂപയാണ് ഫീസ്.