കായികരംഗത്തെ കേരളത്തിന്റെ അഭിമാനതാരം പി.ടി ഉഷയെയും പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി നാമനിര്‍ദേശം ചെയ്തു. രാജ്യത്തെ വിവിധ മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന പരിഗണനയിലാണ് ഇരുവരുടേയും രാജ്യസഭാ പ്രവേശനം. 

പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സ്‌പോർട്‌സിലെ ഉഷയുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നുവെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പ്രവർത്തനം പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ. മോദി ട്വിറ്ററില്‍ കുറിച്ചു.

ഇളയരാജ എന്ന അതുല്യ സംഗീതപ്രതിഭ തലമുറകളായി ആളുകളെ ആകർഷിക്കുന്നു. അതിലേറെ പ്രചോദിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതയാത്രയാണ്. എളിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്ന് വന്ന് വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും മോഡി കുറിച്ചു.