ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ ഫ്രാഞ്ചൈസിയിലെ രണ്ടാംഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ. അവതാർ ; ദ വേ ഓഫ് വാട്ടർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2022 ഡിസംബറിനാണ് റിലീസ് ചെയ്യുന്നത്. എന്നാൽ അവതാറിന്റെ മൂന്നാമത്തേതോ നാലാമത്തേതോ ഭാഗത്തിന് ശേഷം താൻ മറ്റുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യാൻ സാധ്യതയില്ലെന്ന് പറയുകയാണ് കാമറൂണിപ്പോൾ. എമ്പയർ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞാൻ വിചാരിക്കുന്നത്, കാലാനുസൃതമായി എനിക്കറിയില്ല, മൂന്നാം ഭാഗത്തിനോ നാലാം ഭാഗത്തിനോ ശേഷം ഞാൻ ഈ ബാറ്റൺ മറ്റൊരാൾക്ക് കൈമാറിയേക്കാം. എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഏതെങ്കിലും പ്രതിഭയ്ക്ക്. എനിക്ക് താൽപര്യമുള്ള മറ്റു കാര്യങ്ങൾ ചെയ്യാൻ പോകാം-ജെയിംസ് കാമറൂൺ പറഞ്ഞു.

അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കും. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.