വാഷിംഗ്ടണ്‍: അമേരിക്കയില്‍ മാസ് ഷൂട്ടിംഗ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തോക്ക് വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു യുഎസ് സെനറ്റില്‍ അംഗീകാരം. ചൊവ്വാഴ്ച അവതരിപ്പിച്ച ഗണ്‍ കണ്‍ട്രോള്‍ ബില്‍ ഇരുപാര്‍ട്ടികളുടേയും സഹകരണത്തോടെയാണു പാസ്സാക്കിയത്.

ഇരുപാര്‍ട്ടികള്‍ക്കും 5050 കക്ഷി നിലയില്‍ നിന്നും വ്യത്യസ്തമായി ഡമോക്രറ്റിക് പാര്‍ട്ടിയുടെ 50 അംഗങ്ങള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 14 അംഗങ്ങള്‍ അനുകൂലിച്ചു വോട്ടു ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ജോണ്‍ കോന്നന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചത്.

ബൈഡന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതുപോലെ ഗണ്‍ വാങ്ങുന്നതിനുള്ള പ്രായ പരിധി 21 ആക്കമമെന്നതും, മാരക പ്രഹരശേഷിയുടെ തോക്കുകളുടെ വില്പന ഒഴിവാക്കണമെന്നതും ബില്ലിലില്ല. മറിച്ചു 21 വയസ്സിനു താഴെ തോക്കുവാങ്ങുന്നവരുടെ ബാക്ക് ഗ്രൗണ്ട് ചെക്ക് നടത്തണമെന്ന നിര്‍ദേശവും മാനസിക അസ്വാസ്ഥ്യമുള്ളവരില്‍ നിന്നും സമൂഹത്തിനു ഭീഷിണിയുതിര്‍ത്തുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചുവാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ മാത്രമാണ് ബില്ലിലുള്ളത്.

വീണ്ടും ഈ ബില്‍ വെള്ളിയാഴ്ച വോട്ടെടുപ്പിനു വരും. അതിനുശേഷം യുഎസ് ഹൗസ് ബില്‍ പാസ്സാക്കേണ്ടതുണ്ട്. 1994 നു ശേഷമാണ് ഇത്രയും കര്‍ശനമായ നിയമനിര്‍മാണം നടപ്പാക്കുന്നത്. നിലവിലുള്ള തോക്ക് ഉടമസ്ഥര്‍ക്ക് ഈ നിയമം മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകയില്ലെന്നും ബില്‍ ഉറപ്പുനല്‍കുന്നു.