ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ സെന്റ്‌ തോമസ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി മലയാളിയായ ബിഷപ് മാർ ജോയി ആലപ്പാട്ടിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ചിക്കാഗോ സെന്റ്‌ തോമസ് സിറോ മലബാർ രൂപതയുടെ സഹായമെത്രാനായിരുന്നു. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിലാണ് ജനനം. 1981 ഡിസംബർ 31ന് വൈദികപട്ടം സ്വീകരിച്ചു.

ഇരിങ്ങാലക്കുട രൂപതയിലും ചെന്നൈ മിഷനിലും പ്രവർത്തിച്ചു. 1993 മുതൽ അമേരിക്കയിലെ വിവിധ മിഷൻകേന്ദ്രങ്ങളുടെ ഡയറക്ടറും മാർതോമാശ്ലീഹാ സിറോ മലബാർ കത്തീഡ്രൽ ദേവാലയ വികാരിയുമായി.

2014 ജൂലൈ 24ന് രൂപതയുടെ സഹായമെത്രാനും അതേവർഷം സെപ്തംബർ 27ന് മെത്രാനുമായി. 2001ലാണ്‌ ചിക്കാഗോ സെന്റ്‌ തോമസ് രൂപത രൂപീകരിച്ചത്. പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയുടെ പിൻഗാമിയായാണ്‌ ജോയി ആലപ്പാട്ടിന്റെ നിയമനം.