കോഴിക്കോട് : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൽ ഡി എഫിനും ബിജെപിക്കും എതിരെ വിമർശനം ഉന്നയിച്ച് യൂത്ത് ലീഗ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. സി പി എമ്മും ബി ജെ പിയും പരസ്പര സഹായ കമ്മറ്റിയാണ്. സ്വർണക്കടത്ത് കേസിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആയ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടിയുടെ കോഴപ്പണം കേസിലും അദ്ദേഹത്തിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു.

ഇത്തരം വലിയ സംഭവങ്ങൾ നടക്കുമ്പോൾ, നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ലീഗ് വലിയ പ്രക്ഷോഭങ്ങൾക്ക് നടത്തും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുതിയതല്ല. ഇതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇത്. എന്നാൽ, ഇതിന് എതിരെ യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. സ്വർണക്കടത്ത് കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. യൂത്ത് ലീഗും കേസിൽ കക്ഷി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് വ്യക്തമാക്കി.

അതേസമയം, ഇന്നലെ ആയിരുന്നു സ്വർണ്ണക്കളള കടത്ത് കേസിൽ വീണ്ടും വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 – ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്.

അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ – കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്’.