കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നൽകി മുൻ മന്ത്രി കെ ടി ജലീല്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരേയും സ്വപ്ന നടത്തിയതെന്ന് ജലീൽ പരാതിയിൽ ആരോപിച്ചു.

രാഷ്ട്രീയമായി തന്നെയും കേരള സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് അവർ ശ്രമിച്ചതെന്നും കെടി ജലീൽ പരാതയിൽ പറഞ്ഞു. പി സി ജോർജും സ്വപ്ന സുരേഷും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ശബ്ദ രേഖ പുറത്തുവന്ന സാഹചര്യത്തിൽ അക്കാര്യത്തിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു.

സ്വപ്‌ന പറയുന്നത് കേട്ട് പ്രക്ഷോഭത്തിനിറങ്ങുന്നവർ ദുഃഖിക്കേണ്ടി വരും. ഇതിലൊന്നും യാതൊരു സത്യവുമില്ല, കെടി ജോർജ് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പോലും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. യാതൊന്നു കണ്ടെത്താനും പോകുന്നില്ല. കാരണം തികച്ചും അവാസ്ഥവമായിട്ടുള്ള കാര്യമാണ് ഇത്. അസത്യങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ ആർക്കാണ് സാധിക്കുക. അതൊന്നംു ഒരു ഏജൻസിക്കും കഴിയില്ല,കെടി ജലീൽ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ കോ-ലീ-ബി സഖ്യമാണ്.ഇടതുപക്ഷത്തെ തകർക്കാൻ ഈ സഖ്യം ഭാവിയിലും ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും പരാതി നൽകിയ പിന്നാലെ ജലീൽ പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജലീൽ സ്വപ്നയ്ക്കെതിരെ പരാതി നൽകിയത്. ഗൂഢാലോചന നടത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആരോപണം ഉന്നയിച്ചെന്ന് കാണിച്ച് സ്വപ്നയ്ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.

സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസമായിരുന്നു സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയത്. ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, മുൻ മന്ത്രി കെ ടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് സ്വപ്ന സുരേഷ് പ്രതികരിച്ചത്.