തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പരോക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ജനങ്ങള്‍ക്ക് ഒപ്പം നിന്നത് കൊണ്ടും അതേ അവസ്ഥയില്‍ തുടരുന്നത് കൊണ്ടുമാണ് അത് എല്‍ ഡി എഫ് തുടര്‍ ഭരണം നേടിയത് എന്ന് പിണറായി വിജയന്‍ പറഞ്ഞു.

നുണ പ്രചരിപ്പിക്കുന്നവര്‍ നുണപ്രചരണം തുടര്‍ന്നോട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ ഡി എഫിന്റേത് ജനങ്ങളുടെ സര്‍ക്കാരാണെന്നും അവര്‍ക്ക് ഒപ്പം നിന്ന സര്‍ക്കാരാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഏത് ആപല്‍ഘട്ടത്തിലും തങ്ങളെ കൈയ്യൊഴിഞ്ഞിട്ടില്ല എന്ന് ജനങ്ങള്‍ക്ക് അറിയാം. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് അതേ നയമാണ്. സര്‍ക്കാരിനെതിരേ നില്‍ക്കുന്നവര്‍ അവരുടെ നയവും തുടരും. അത് അവര്‍ തുടരട്ടെ എന്നും അതിലേക്ക് കൂടുതലായി കടക്കുന്നില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ജവഹര്‍ നഗറിലെ കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് പലതവണ ബിരിയാണി ചെമ്പുകള്‍ കൊണ്ടുവന്നു എന്നും അതില്‍ ലോഹം ഉണ്ടായിരുന്നു എന്നുമാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്. എറണാകുളത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയശേഷം ഇന്നലെയാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ഇക്കാര്യം ഇന്നും സ്വപ്‌ന സുരേഷ് ആവര്‍ത്തിച്ചിരുന്നു.

അതേസമയം വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നാണ് എല്‍ ഡി എഫും സി പി ഐ എമ്മും പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്‌ന സുരേഷ് ഇന്ന് പറഞ്ഞിരുന്നു. എല്ലാം രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടുണ്ട് എന്നും ദയവായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്‌നമില്ല എന്നും സ്വപ്‌ന സുരേഷ് ഇന്ന് പറഞ്ഞിരുന്നു.

കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെക്കുറിച്ചും അതിന്റെ തോതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. താന്‍ എന്തെങ്കിലും എഴുതികൊടുത്തിട്ടുണ്ടെങ്കില്‍ പി സി ജോര്‍ജ് പുറത്ത് വിടട്ടെ എന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞ ആള്‍ക്ക് പണം അടങ്ങിയ ബാഗ് കൈമാറി എന്ന കാര്യം സ്വപ്‌ന സുരേഷ് ഇന്നും ആവര്‍ത്തിച്ചിരുന്നു. ജയില്‍ ഡി ഐ ജി ജയിലില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തി എന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേയും സ്വപ്‌ന സുരേഷ് ആരോപണമുന്നയിച്ചിട്ടുണ്ട്.