കാബൂള്‍: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരെ ലോക രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളും മറ്റുചില അറബ് രാജ്യങ്ങളും യുഎന്നും രംഗത്തെത്തിയ പിന്നാലെ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനും ഇന്ത്യയ്ക്ക് താക്കീതുമായി വന്നിരിക്കുന്നു. മത ഭ്രാന്തന്‍മാരെ തടയണമെന്നും ഇത്തരക്കാരെ പ്രോല്‍സാഹിപ്പിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. ഇസ്ലാമിനെ അപമാനിക്കാന്‍ മതഭ്രാന്തന്‍മാരെ അനുവദിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. മുസ്ലിങ്ങളെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയില്‍പ്പെട്ട നേതാവിന്റെ പ്രവാചകനെതിരായ പ്രസ്താവനയെ അഫ്ഗാന്‍ ഭരണകൂടം അപലപിക്കുന്നുവെന്നും സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങി ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ അറബ് രാജ്യങ്ങളെല്ലാം ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. ജിസിസി രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തിയതാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയായത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ അംബാസഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി ശമിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്.

നിലവില്‍ നുപുര്‍ ശര്‍മക്കെതിരെ ബിജെപി നടപടിയെടുത്തിട്ടുണ്ട്. അവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലും തെലങ്കാനയിലും നുപുര്‍ ശര്‍മക്കെതിരേ കേസെടുത്തിട്ടുണ്ട്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി സ്വീകരിച്ച നടപടിയെ സൗദി അറേബ്യ ഉള്‍പ്പൈയുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്. ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

ജിസിസി രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. 1.35 കോടി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 89 ലക്ഷം പേരും ജിസിസി രാജ്യങ്ങളിലാണ്. ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ വലിയ പങ്ക് വഹിക്കുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയുടെ കയറ്റുമതിയില്‍ 9 ശതമാനം യുഎഇയിലേക്കാണ്. പ്രവാസികള്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന വിദേശ പണത്തില്‍ പകുതിയും ജിസിസി രാജ്യങ്ങളില്‍ നിന്നാണ് എന്നതാണ് മറ്റൊരു കാര്യം. യുഎഇയില്‍ നിന്നാണ് കൂടുതല്‍.

ഈ സാഹചര്യത്തിലാണ് ജിസിസി രാജ്യങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പരിഹാര ശ്രമം ഇന്ത്യ നടത്തുന്നത്. ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പ്രവാചകനെയും കുടംബത്തെയും അവഹേളിച്ച് നുപുര്‍ ശര്‍മ സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദമാകുകയായിരുന്നു.