നൈജീരിയ; നൈജീരിയയിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ 50 ഓളം പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓണ്‍ഡോയിലെ സെന്‍റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു വെടിവെപ്പ്. തോക്കുമായെത്തിയ സംഘം വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവർ സ്ഫോടക വസ്തുക്കളും എറിഞ്ഞു.

പെന്തക്കോസ്‌ത് വിശ്വാസികൾ ഞായറാഴ്‌ച ഒത്തുകൂടിയ സമയത്താണ് നാല് പേർ അടങ്ങുന്ന അക്രമി സംഘം പള്ളിയിലേക്ക് കടന്നത്. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതാദ്യമായാണ് ഓൻഡോയിൽ ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത്. വിശ്വാസികളുടെ മരണത്തിൽ പോപ് ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും അപലപിച്ചു.

ഞായറാഴ്ചത്തെ ആക്രമണം നീചവും പൈശാചികവുമായ ആക്രമണം ആണെന്നും അക്രമികളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഒൻഡോ സംസ്ഥാന ഗവർണർ ഒലുവാരോട്ടിമി ഒലുവാരോട്ടിമി അകെരെഡോലു പറഞ്ഞു. ഹീനമായ ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.