ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ബൈഡന്റെ സന്ദര്‍ശനത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ ബൈഡന്‍ സൗദി സന്ദര്‍ശിക്കുമെന്നാണ് വിവരം. എന്നാല്‍ ജൂലൈയിലേക്ക് യാത്ര മാറ്റിയെന്നാണ് നിലവിലെ വിവരം. സൗദി അറേബ്യയെ വിമര്‍ശിച്ചിരുന്ന ബൈഡന്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നത് പിന്നില്‍ മറ്റ് പല കാരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യമന്‍ യുദ്ധത്തില്‍ നിന്ന് സൗദി പിന്‍മാറണമെന്ന് ബൈഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ബൈഡന്റെ സൗദി സന്ദര്‍ശനത്തിനിടെ പ്രധാന ചര്‍ച്ചയാകും. നാറ്റോ ഉച്ചകോടി സ്പെയിനില്‍ നടക്കും. ഗ്രൂപ്പ് ഓഫ് സെവന്‍ രാജ്യങ്ങളുടെ ഉച്ചകോടി ജര്‍മനിയിലും. ഈ രണ്ട് ഉച്ചകോടിയിലും ബൈഡന്‍ പങ്കെടുക്കും. ഇസ്രായേലും സൗദിയും സന്ദര്‍ശിക്കുന്ന ബൈഡന്‍, ഇറാനെതിരായ നടപടികള്‍ ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തും.

യമന്‍, ജമാല്‍ ഖഷോഗി, മനുഷ്യാവകാശം, ഏകാധിപത്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ സൗദിക്കെതിരെ ബൈഡന്‍ സംസാരിച്ചിരുന്നു. ബൈഡന്‍ സൗദി സന്ദര്‍ശിക്കുകയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബൈഡന്‍ ഇത് ചെയ്യരുതെന്ന് ഡെമോക്രാറ്റിക് ലോ മേക്കര്‍ ആദം ഷിഫ് പറഞ്ഞു സൗദിയുടെ മണ്ണില്‍ നിന്നും ബൈഡന്‍ അകലം പാലിക്കണമെന്നാണ് ഷിഫ് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജി വധം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം.

ബൈഡന്‍ സൗദി സന്ദര്‍ശിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ”എന്റെ അഭിപ്രായത്തില്‍ ഇല്ല,” എന്നായിരുന്നു ആദം ഷിഫ് പറഞ്ഞത്. ”ഞാന്‍ അവിടെ പോവില്ല. ഞാന്‍ അയാളുമായി ഷേക്ക് ഹാന്‍ഡ് ചെയ്യില്ല. ഒരു അമേരിക്കന്‍ റസിഡന്റിനെ കൊലപ്പെടുത്തിയ ഒരാളാണ് അയാള്‍,” ആദം ഷിഫ് കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പോളിസികളില്‍ സൗദി അറേബ്യ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വരെ എംബിഎസുമായി ഒരു ഇടപാടുകള്‍ക്കും താല്‍പര്യമില്ലെന്നും ആദം ഷിഫ് പ്രതികരിച്ചു. എണ്ണ ഉല്‍പാദനത്തില്‍ വര്‍ധനവ് ഉണ്ടാക്കണമെങ്കില്‍ ബൈഡന്‍ സൗദി സന്ദര്‍ശിക്കണമെന്ന റിപ്പോര്‍ട്ടുകളേും അദ്ദേഹം തള്ളി.

അമേരിക്ക സാമ്പത്തികമായി വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ പരിഗണിച്ചാണ് സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുണ്ട്. വിപണിയില്‍ വേണ്ടത്ര എണ്ണ എത്താത്തത് അമേരിക്കക്ക് തിരിച്ചടിയാണ്. കൂടുതല്‍ എണ്ണ എത്തണമെങ്കില്‍ സൗദിയുടെ സഹായം ആവശ്യമായ സമയമാണിപ്പോള്‍.