തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വട്ടപ്പാറ എസ് യു ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2001 ല്‍ ചടയമംഗലം എംഎല്‍എ ആയിരുന്നു.

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും മില്‍മ ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ കൊല്ലത്തെ ചടയമംഗലത്ത് നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. കെ എസ് യു വഴിയാണ് പൊതു രംഗത്തേക്ക് വരുന്നത്. കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. 2015ല്‍ ആണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്.

മുതിര്‍ന്ന നേതാവും മുന്‍ എം .എല്‍.എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുശോചിച്ചു. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളില്‍ ഒന്നായ മില്‍മയെ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായി വളര്‍ത്തിയെടുത്തത് പ്രയാറായിരുന്നു. മില്‍മ എന്ന പേരും മുന്നോക്ക വികസന കോര്‍പറേഷന് സമുന്നതി എന്ന പേരും പ്രയാറിന്റെ സംഭാവനയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയ അദ്ദേഹം മണ്ഡലത്തിന്റെ സമഗ്ര വികസനത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ സാമാജികനായിരുന്നു. ഇത് വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ചടയമംഗലം യു ഡി എഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തിന്റെ വികസന നായകന്‍ എന്ന പേര് പ്രയാറിന് സ്വന്തമാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് വി ഡി സതീശന്‍ അറിയിച്ചു.

പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു . കെ.എസ്. യൂ.വും, യൂത്ത് കോൺഗ്രസ്സും കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റു സൃഷ്ടിച്ച കാലഘട്ടത്തിൽ അതു രണ്ടിന്റെയും മുൻനിരപ്പോരാളികളിലൊരാളായിരുന്നു പ്രയാർ. അതേസമയം, വിനയവും എളിമയുമായിരുന്നു പ്രയാറിന്റെ മുഖമുദ്ര. പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സുവർണ്ണകാലമായിരുന്നു. ഞാനുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേർപാട് അത്യന്തം ദുഃഖമുളവാക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.