കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി തോറ്റിട്ടില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. എൽ ഡി എഫിന് സംഭവിച്ച വീഴ്ച പരിശോധിക്കും. കോൺഗ്രസിന്റെ കോട്ട എന്നാണ് തൃക്കാക്കരയെ വിശേഷിപ്പിക്കുന്നത്. ഈ കോട്ടയിൽ ഇടതുപക്ഷത്തിന് വോട്ട് കൂടിയത് വലിയ കാര്യമാണെന്നും കെ വി തോമസ് വ്യക്തമാക്കി.

കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമർശത്തിന് മറുപടി പറയുകയായിരുന്നു കെ വി. ഒരു വ്യക്തിക്ക് മാത്രം വോട്ട് കിട്ടില്ലല്ലോ എന്നാണ് കെ വി തോമസ് ചോദിച്ചത്. അതേസമയം, താൻ അവസര വാദിയാണ് എന്ന പ്രതീതി ഉണ്ടാക്കിയത് മാധ്യമങ്ങൾ വഴി ആണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്

ഈ പദ്ധതി, കേരളത്തിന് ആവശ്യമുള്ള ഒന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും കെ വി തോമസ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിൽവർ ലൈൻ പദ്ധതി എങ്ങനെ ബാധിച്ചു എന്നത് കൃത്യമായി സി പി എം പരിശോധിക്കും. ഒരു പാർട്ടിക്കൊപ്പം നിൽക്കാൻ സ്ഥാനങ്ങൾ ആവശ്യമില്ല.

താൻ ഇപ്പോഴും നെഹ്രൂവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോൺഗ്രസ്സുകാരനാണ്, എൽ ഡി എഫിന്റെ ഭാഗമല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. തനിക്ക് എതിരെ വലിയ തരത്തിലുളള സൈബർ ആക്രമണം ആണ് ഇവിടെ നടക്കുന്നത്. ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു. എല്ലാവരു൦ ഈ രീതിയിൽ ആക്രമിക്കുന്നത് കാണുമ്പോൾ താൻ സ൦ഭവമാണല്ലോ എന്ന തോന്നലുണ്ട് എന്നും കെ വി തോമസ് വ്യക്തമാക്കി.

അതേസമയം, സമാന വിഷയത്തിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. കെ റെയിൽ വിഷയം മുൻനിർത്തി ഉണ്ടായ തിരഞ്ഞെടുപ്പ് അല്ല തൃക്കാക്കരയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം കെ റെയിൽ വിഷയത്തിലെ ഹിതപരിശോധന അല്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ ഉടൻ തന്നെ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്നും കോടിയേരി വ്യക്തമാക്കി.

തൃക്കാക്കരയിലെ ജനങ്ങൾ യു ഡി എഫിന് അനുകൂലമായാണ് ചിന്തിച്ചത്. ഈ ജനവിധി എൽ ഡി എഫ് അംഗീകരിക്കുന്നു. ഉപ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ടായ പാളിച്ചകൾ പരിശോധിച്ച് തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം, തിരഞ്ഞെടുപ്പ് ഫലം എൽ ഡി എഫ് സർക്കാരിന് എതിരായ ജനവികാരം ആണെന്ന വിലയിരുത്തലുകളെ തളളിയാണ് അദ്ദേഹം പ്രതികരിച്ചത്.

പുറത്തു ഫലങ്ങൾ പ്രകാരം, വലിയ ഭൂരിപക്ഷം ആയിരുന്നു ഉമാ തോമസ് നേടിയത്. ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. എന്നാൽ, 59,839 വോട്ടുകളാണ് 2021 ൽ പി ടി തോമസ് നേടിയത്. അതായത്, 12,928 വോട്ടുകൾ ഇത്തവണ യു ഡി എഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ , കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് 45510 വോട്ടാണ് നേടിയത്. അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ് . കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു .