കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് കൈവരിച്ച മികച്ച ഭൂരിപക്ഷത്തിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഉമാ തോമസിന് ലഭിച്ച വോട്ടുകൾ പി ടി തോമസിനോടും കുടുംബത്തോടുമുളള ജനങ്ങളുടെ സഹതാപം ആണെന്ന് എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അത്തരത്തിലുള്ള സഹതാപമാണ് ഈ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശത്തിലൂടെ ജനങ്ങൾ പ്രകടിപ്പിച്ചത്.

പി ടി തോമസിനോടുളള സഹതാപം കൊണ്ടാണ് തൃക്കാക്കരയിൽ ഉമാ തോമസ് വിജയിച്ചതെന്ന് ബി ജെ പി നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഈ രീതിയിലാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

എന്തുകൊണ്ട് ബി ജെ പിക്ക് തൃക്കാക്കരയിൽ വോട്ട് കുറഞ്ഞു എന്നത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വം സൂക്ഷ്മമായി തന്നെ വിശകലനം ചെയ്യും. അതേസമയം, പി ടി തോമസ് വിഷയത്തിലും അബ്ദുള്ളക്കുട്ടി തന്റെ അഭിപ്രായം ആരാഞ്ഞു. മുൻ എം എൽ എ ആയ പി സി ജോർജിന്റെ വരവ് ബി ജെ പിയെ ഏതു തരത്തിൽ ബാധിച്ചു എന്നത് കൃത്യമായി തന്നെ പരിശോധിക്കും.

അതേസമയം, സമാന രീതിയിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. ശക്തമായ സഹതാപ തരംഗം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിന് അനുകൂലമായെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. മരണപ്പെട്ട കോൺഗ്രസ്സ് നേതാവ് പി ടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ ഇന്നും സ്‌നേഹിക്കുന്നു. അതിനുളള തെളിവാണ് ഇന്ന് നാം കണ്ടത്. ഈ സ്നേഹമാണ് സഹതാപമായി മാറിയതെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരായ വിധായാണിത്. ജനങ്ങളുടെ താക്കീതായി വേണം ഈ ഫലത്തെ കാണാനെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ പോലും ഇത്തവണ പാർട്ടിക്ക് നേടാൻ കഴിഞ്ഞിരുന്നില്ല.

12,957 വോട്ടാണ് തൃക്കാക്കരയില്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത്. കണക്കുകൾ വ്യക്തമാക്കുന്നത് പ്രകാരം, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2,261 വോട്ടിന്റെ ഇടിവാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ടത്. 2011 – ല്‍ ബി ജെ പി നേതാവ് എന്‍ സജി കുമാര്‍ ആറായിരത്തോളം വോട്ടുകളാണ് നേടിയത്. എന്നാൽ, 2016 – ല്‍ എസ് സജി അത് 21,247 ആയി ഉയര്‍ത്തുകയായിരുന്നു.

അതേസമയം, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യു ഡി എഫിന് അനുകൂലമാകുകയാണ് ചെയ്തത്. ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു.

59,839 വോട്ടുകളാണ് 2021 ൽ പി.ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇത്തവണ യു ഡി എഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് 45510 വോട്ടാണ് നേടിയത്. അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി.