പൂനെ; പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വക്താവ് നൂപൂർ ശർമ്മയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി ഫയൽ ചെയ്തു. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) മുൻ കോർപ്പറേറ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗ്യാൻവ്യാപി വിഷയത്തിൽ അടുത്തിടെ ഒരു ചാനലിൽ നടന്ന വാർത്താ സംവാദത്തിനിടെയാണ് ശർമ്മ വിവാദമായ പരാമർശം നടത്തിയത്.

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 153 ബി (ആരോപണങ്ങൾ, ദേശീയ ഉദ്ഗ്രഥനത്തിന് ദോഷകരമായ വാദങ്ങൾ), 295 എ (ഏതെങ്കിലും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 505 (പൊതു വിനാശത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം കോണ്ട്വാ പോലീസ് ആണ് ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ നിയമ വ്യവസ്ഥകൾ പ്രകാരം ശർമ്മയ്‌ക്കെതിരെ നേരത്തെ മുംബൈയിലും രണ്ട് കേസുകൾ ഫയൽ ചെയ്തിരുന്നു. കോണ്ട്വാ സ്വദേശി അബ്ദുൾ ഗഫൂർ അഹമ്മദ് പത്താൻ (47) ആണ് പരാതി നൽകിയത്.

ശർമ്മ നടത്തിയ പരാമർശങ്ങൾ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അതിനാൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ തീരുമാനിച്ചെന്നും മുൻ കോർപ്പറേറ്ററായ പത്താൻ പരാതിയിൽ പറയുന്നു. അതേ സമയം സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കോണ്ട്വാ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സീനിയർ ഇൻസ്പെക്ടർ സർദാർ പാട്ടീൽ പറഞ്ഞു. “മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്ലിങ്ങൾ പരിഹസിച്ചു. അതിനാൽ, മുസ്ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും” നൂപൂർ ശർമ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും അവർ നടത്തി.

മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ പരാമർശങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നതായി യൂത്ത് നാഷണൽ കോൺഫറൻസിന്റെ പ്രവിശ്യാ പ്രസിഡന്റ് സൽമാൻ അലി സാഗർ പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബി.ജെ.പിയും കേന്ദ്ര സർക്കാരും മാപ്പ് പറയണമെന്നും അലി കൂട്ടിച്ചേർത്തു. അതേ സമയം പരാമർശങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് വധഭീഷണി ഉണ്ടെന്ന് നൂപൂർ ശർമ്മ പറഞ്ഞു. “എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും എന്തെങ്കിലും അപായം സംഭവിച്ചാൽ ആൾട്ട് ന്യൂസിന്റെ ഉടമസ്ഥൻ മുഹമ്മദ് സുബൈർ എന്ന വ്യക്തിക്കാവും ഉത്തരവാദിത്തം” എന്ന് ശർമ്മ ട്വീറ്റ് ചെയ്തു. തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ശർമ്മ കൂട്ടിച്ചേർത്തു.