കിയെവ്; യുക്രൈൻ സൈന്യത്തിന്റെ കുഴിബോംബ് കെണിയിൽ പെട്ട് പൊട്ടിത്തകരുന്ന റഷ്യൻ ടാങ്കറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് ബോംബുകളാണ് സംഭവ സ്ഥലത്ത് പൊട്ടിയത്. കിഴക്കൻ യുക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിൽ കഴിഞ്ഞ മാസമാണ് ഈ സംഭവം നടന്നത്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത് എന്ന് മാത്രം. സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദ ടെലിഗ്രാഫ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

രണ്ട് ബോംബുകൾക്ക് മുകളിലൂടെ ഈ ടാങ്കർ സഞ്ചരിക്കുന്നുണ്ട്. ആദ്യ ബോംബ് പൊട്ടിയപ്പോൾ കാര്യമായി ഒന്നും സംഭവിച്ചിരുന്നില്ല. പക്ഷെ രണ്ടാമത്തെ ബോംബ് പൊട്ടിയപ്പോൾ ടാങ്കർ രണ്ടായി പിളർന്ന് തീപിടുച്ചു. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ ടാങ്കറിൽ ഉണ്ടായിരുന്ന രണ്ട് റഷ്യൻ സൈനികർ കേടുപാടുകൾ കൂടാതെ ടാങ്കിൽ നിന്ന് പുറത്തുവന്നു എന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഈ പ്രദേശം റഷ്യൻ സൈന്യത്തിന്റെ നിരന്തരമായ ബോംബാക്രമണത്തിന് കീഴിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം കിഴക്കൻ യുക്രൈനിയൻ നഗരമായ സെവെറോഡോനെറ്റ്‌സ്‌കിൽ ഒരു കെമിക്കൽ ഫാക്ടറിയിൽ നൈട്രിക് ആസിഡ് സൂക്ഷിച്ചിരുന്ന ടാങ്കിന് റഷ്യൻ സൈനികർ കേടുപാടുകൾ വരുത്തിയെന്ന് ഗവർണർ അവകാശപ്പെട്ടു.

ടെലിഗ്രാം വഴിയാണ് ഗവർണർ സെർജി ഗെയ്‌ഡേ ഈ വിവരം പുറത്ത് വിട്ടത്. ശ്വസിക്കുകയോ കഴിക്കുകയോ ചർമ്മവുമായി സ്പർശിക്കുകയോ ചെയ്താൽ നൈട്രിക് ആസിഡ് ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസരത്ത് താമസിക്കുന്നവർ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ കിഴക്കൻ പട്ടണമായ അവ്ദിവ്കയെ അതിന്റെ രണ്ട് പ്രധാന റോഡുകളിലൊന്ന് വെട്ടിമാറ്റിയതിന് ശേഷം പ്രദേശം പൂർണ്ണമായും വളയുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തിന് വടക്കുള്ള ഒരു വ്യവസായ നഗരമാണ് അവ്ദിവ്ക.

നിലവിൽ റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചിട്ട് മൂന്ന് മാസത്തിൽ അധികം ആയി. റഷ്യൻ അനുകൂല വിഘടനവാദികൾ അധികമായുള്ള കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോൾ യുദ്ധം നടക്കുന്നത്. നേരത്തെ തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിച്ചിരുന്നെങ്കിലും ഇവിടെ യുക്രൈൻ ശക്തമായ പ്രതിരോധം കാഴ്ച വെച്ചതോടെ ഇവിടെ നിന്ന് റഷ്യൻ സൈന്യം പിൻമാറുകയായിരുന്നു. റഷ്യ ആക്രമണം നടത്തിയ യുക്രൈൻ ന ഗരങ്ങളിൽ പലതിലും റോഡ്, വെള്ളം, വാർത്താ വിനിമയം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം വ്യാപകമായി നശിപ്പിച്ചിട്ടുണ്ടെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്.