യുക്രെയ്‌നെതിരെ  റഷ്യയുടെ മനുഷ്യക്കുരുതി നാളെ ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ വിശകലനം ചെയ്യും. ഫെബ്രുവരി 24ന് ആരംഭിച്ച മിസൈൽ ആക്രമണവും അധിനിവേശവും റഷ്യ നടത്തുന്നതിനിടെ അതിക്രൂരമായിട്ടാണ് നിരപരാധികൾ കൊല്ലപ്പെടുന്നത്. യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ ഇതുവരെ 100 ലേറെ കുട്ടികളടക്കം ഇരുപതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. ഫ്രാൻസും മെക്സിക്കോയുമാണ് മനുഷ്യാവകാശ ലംഘനം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഎൻ രക്ഷാ സമിതിയെ സമീപിച്ചിട്ടുള്ളത്.

ലോകരാഷ്‌ട്രങ്ങളും റഷ്യയും രണ്ടുചേരിയിലായ ആക്രമണമാണ് നടക്കുന്നത്. യുക്രെയ്‌നെ മുൻനിർത്തി തങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും തടയുമെന്നാണ് റഷ്യയുടെ ഭീഷണി. വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന  റഷ്യയുടെ മുന്നറിയിപ്പും ലോകത്തെ ആശങ്കയിൽ നിർത്തിയിരിക്കുകയാണ്.

റഷ്യയുടെ വിക്ടറി ഡേ ആഘോഷത്തിലും പുടിൻ യുക്രെയ്‌നെതിരായ ആക്രമണം ഉടനെ അവസാനിപ്പിക്കില്ലെന്ന തീരുമാനം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കും വരെ ലോകശക്തികളെ പ്രതിരോധിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റിന്റെ നിലപാട്. പുടിന്റെ പ്രസംഗത്തിന് പിന്നാലെയാണ് മനുഷ്യാവകാശ ലംഘന വിഷയം ചർച്ചചെയ്യാൻ യുഎൻ രക്ഷാ സമിതി ഒരുങ്ങുന്നത്.