റഷ്യ യുക്രെയ്‌നെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടയിൽ ഏഷ്യൻ-യൂറോപ് മേഖലയിൽ ഇന്ത്യയും കനത്ത ജാഗ്രതയിൽ. ഇതിനിടെ ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ പരിഷ്‌ക്കരിക്കൽ പ്രതിരോധ വകുപ്പ് സാവധാനത്തിലാക്കി. ഇന്ത്യയും റഷ്യയും സംയുക്തമായി പ്രവർത്തിക്കേണ്ട മേഖലയിലാണ് യുദ്ധ സാഹചര്യത്തിൽ പ്രതിരോധ രംഗത്ത് തീരുമാനങ്ങളുടെ വേഗത കുറച്ചത്. നിലവിൽ വാണിജ്യകാര്യങ്ങളിൽ ഇന്ത്യ റഷ്യയുമായി മികച്ച ബന്ധത്തിലാണ്.

മേഖലയിലെ യുദ്ധാന്തരീക്ഷത്തിൽ ഏതു നിമിഷവും പറന്നുയരാനും നാടിന്റെ അഖണ്ഡത കാക്കാനുമായി സുഖോയ് വിമാനങ്ങളാണ് മുഖം മിനുക്കാൻ തീരുമാനിച്ചത്. ഉടൻ തന്നെ ഇന്ത്യൻ സേനയുടെ ഭാഗമാകേണ്ടിയിരുന്നത് 12 അത്യാധുനിക വിമാനങ്ങളാണ്. സുഖോയ്-30 എംകെഐ വിമാനങ്ങളുടെ സ്വന്തമാക്കൽ പ്രക്രിയയാണ് തൽക്കാലം നിർത്തി വെച്ചിരിക്കുന്നത്. ആകെ 270 വിമാനങ്ങളാണ് വിവിധ ഘട്ടങ്ങളിലായി ഇന്ത്യ വാങ്ങാനായി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം മാത്രം 40 വിമാനങ്ങളാണ് ഇന്ത്യയ്‌ക്ക് ആവശ്യമായി വരിക.

സുഖോയ് വിമാനങ്ങളുടെ അത്യാധുനിക പതിപ്പ് 12 എണ്ണത്തിന് 20,000 കോടിയാണ് മതിപ്പ് ചിലവ്. റഷ്യയുമായി സഹകരിച്ച് ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറോ നോട്ടിക്‌സിനാണ് നിർമ്മാണ ചുമതല. സുഖോയ് വിമാനങ്ങൾ മികച്ച ആന്റിനയും ഇലട്രോണിക് നിയന്ത്രിതമായ യുദ്ധോപകരണങ്ങളും ഘടിപ്പിച്ചാണ് കരുത്തുവർദ്ധിപ്പിക്കുന്നത്.