ജനങ്ങളെ കൂടെക്കൂട്ടി പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പുതിയ തന്ത്രങ്ങളുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ സ്വന്തം പാർട്ടിയായ ടെഹ്രീക് ഇ ഇൻസാഫ് എന്ന പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കാൻ വേണ്ടി ഇമ്രാൻ ഖാൻ പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ പാർട്ടിയിലെ അംഗമാകാമെന്നും ഇമ്രാൻ ഖാൻ അവകാശപ്പെടുന്നു.

കൂടുതലും വിദേശരാജ്യങ്ങളിലുള്ള പാകിസ്താനികളെ ലക്ഷ്യം വെച്ചാണ് ‘റാബ്ത’ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്. നിലവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പാക് വംശജർക്ക് പരിഗണന നൽകുന്നില്ലെന്നും അതിനാൽ പ്രതിഷേധം അറിയിക്കാൻ തന്റെ ആപ്പിൽ മെമ്പർഷിപ്പ് എടുത്ത് ടെഹ്രീക് ഇ ഇൻസാഫിന് പിന്തുണ നൽകണമെന്നും ഇമ്രാൻ ആവശ്യപ്പെടുന്നുണ്ട്. ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ തോന്നിയേക്കാം, എന്നാൽ എല്ലാവും ക്ഷമയോടെ കാത്തിരിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പാർട്ടിക്ക് സംഭവിച്ച പിഴവുകൾ തിരുത്തുമെന്നും 2018 ലെ തിരഞ്ഞെടുപ്പിൽ സംഭവിച്ച തെറ്റ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുത്തുമെന്നും ഇമ്രാൻ പറഞ്ഞു. പാകിസ്താനിൽ നടന്ന അഴിമതികൾ പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്നും താഴെയിറങ്ങാൻ നിർബന്ധിതനായത്. എന്നാൽ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായതോടെ രാജ്യത്ത് കലാപം അഴിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇമ്രാൻ നടത്തുന്നത്. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിക്കൊണ്ട് യുവാക്കളുടെ മനസ്സിൽ വർഗീയത കുത്തിവെക്കാനുള്ള ശ്രമങ്ങളാണ് ഇമ്രാൻ ഖാൻ നടത്തുന്നത് എന്ന് ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു.