കരിങ്കടലിലെ സ്നേക് ദ്വീപിനു സമീപം തമ്ബടിച്ചിരുന്ന മറ്റൊരു റഷ്യന്‍ കപ്പലും ഡ്രോണ്‍ ഉപയോഗിച്ച്‌ തകര്‍ത്തതായി യുക്രെയ്ന്‍.

കപ്പല്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ യുക്രെയ്ന്‍ പ്രതിരോധ സേന പങ്കുവെച്ചു. കഴിഞ്ഞമാസം കരിങ്കടലിലെ മോസ്ക്വ പടക്കപ്പല്‍ നെപ്റ്റ്യൂണ്‍ മിസൈല്‍ സംവിധാനം ഉപയോഗിച്ച്‌ യുക്രെയ്ന്‍ തകര്‍ത്തിരുന്നു.

ബെറക്തര്‍ ടി.ബി.ടു ഡ്രോണ്‍ ഉപയോഗിച്ചാണ് യുക്രെയ്ന്‍ കപ്പലിനുനേരെ മിസൈല്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച റഷ്യന്‍ സേന വിജയദിനമായി ആഘോഷികാനിരിക്കെയാണ് തിരിച്ചടി. മിസൈല്‍ പതിച്ച്‌ കപ്പല്‍ ചിന്നിചിതറുന്നതിന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് യുക്രെയ്ന്‍ പങ്കുവെച്ചത്. കൂടാതെ, രണ്ട് വിമാനവേധ മിസൈല്‍ സംവിധാനങ്ങളും തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടു.

നിലവില്‍ റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ് സ്നേക് ദ്വീപ്. അതേസമയം, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കിഴക്കന്‍ മേഖലയില്‍ റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്. മരിയുപോളില്‍ റഷ്യന്‍ സേന വളഞ്ഞിരിക്കുന്ന ഉരുക്കു ഫാക്ടറിയില്‍നിന്ന് സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും ശനിയാഴ്ച സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.