മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അനാസ്ഥയും പിടിപ്പുകേടും കാരണം കെഎസ്‌ആര്‍ടിസി തകര്‍ന്നു തരിപ്പണമാകുമ്ബോള്‍ മാതൃകയാക്കേണ്ടതാണ് യുപി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ.

നഷ്ടക്കയത്തില്‍ മുങ്ങിത്താണ സ്ഥാപനത്തെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് യോഗി ആദിത്യനാഥ് സര്‍ക്കാരാണ്. ലോക് ഡൗണ്‍ കാലത്ത് വീണ്ടും നഷ്ടത്തിലായെങ്കിലും അതിവേഗം മടങ്ങിയെത്തുകയാണ് യുപിഎസ്‌ആര്‍ടിസി.

വന്‍കിട വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന ഡാഷ് ബോര്‍ഡ് എങ്ങനെയെന്ന് പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പോയതുപോലെ യുപിയിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വിജയം പഠിക്കാന്‍ അവിടേക്കും അയയ്ക്കണം ഒരു സംഘത്തെയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി മുമ്ബ് നിര്‍ദേശിച്ചിരുന്നു.

2013-2014ല്‍ യുപി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നഷ്ടം 132 കോടിയായിരുന്നു. 2017ലാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത്. ചുമതലയേറ്റ് ഒറ്റ വര്‍ഷം കൊണ്ട് 2018ല്‍ ലാഭം 123 കോടിയാക്കി. ഇത് രാജ്യചരിത്രത്തില്‍ തന്നെ റിക്കാര്‍ഡായിരുന്നു. രാജ്യത്തെ ഏതെങ്കിലും പൊതുമേഖല ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇത്രയേറെ ലാഭമുണ്ടാക്കുന്നത് ആദ്യമാണെന്നാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ ലാഭം 18 കോടിയാണ്. 2020ല്‍ ഇത് 85 കോടി കവിഞ്ഞു. 2017-2018 കാലത്ത് ലാഭമുണ്ടാക്കിയ മറ്റു രണ്ടു കോര്‍പ്പറേഷനുകള്‍ കര്‍ണ്ണാടകവും (നാലരക്കോടി) ഒഡീഷയുമാണ് (1.35 കോടി).

പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് തുടങ്ങുക, സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കുക, പെര്‍മിറ്റ് ഇല്ലാത്ത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ ഓടിക്കുന്നത് തടയുക, ചെലവ് ചുരുക്കുക, യാത്രാക്കൂലിയല്ലാതെയുള്ള വരുമാനം വിപുലീകരിക്കുക, യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കോര്‍പ്പറേഷനെ യോഗി നല്ലനിലയിലേക്ക് എത്തിച്ചത്. 38,000 സ്ഥലങ്ങളിലേക്കാണ് പുതുതായി സര്‍വ്വീസുകള്‍ തുടങ്ങിയത്. നിലവിലുള്ള ബസുകളുടെ റൂട്ടുകളില്‍ മാറ്റംവരുത്തിയാണ് ഇതില്‍ പലതും സാധിച്ചത്. 85 ശതമാനം യാത്രക്കാരാണ് മിക്ക റൂട്ടുകളിലും. അധികച്ചെലവ് ഇതിന് ഉണ്ടായിട്ടുമില്ല. കൂടുതല്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും തുടങ്ങി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായും നേപ്പാളുമായും വരെ പുതിയ കരാറുണ്ടാക്കി കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങി. 2017ല്‍ 751 റൂട്ടുകളാണ് കോര്‍പ്പറേഷന് ഉണ്ടായിരുന്നത്. 2020ല്‍ ഇത് 93,838 റൂട്ടുകളായി.

ഇന്ന് 11,939 ബസുകളാണ് യുപിഎസ്‌ആര്‍ടിസിക്കുള്ളത്. 144.16 കോടി കിലോമീറ്ററാണ് നിത്യേന ഓപ്പറേറ്റ് ചെയ്യുന്നത്. വാര്‍ഷിക വരുമാനം 4727.75 കോടി. 34,000 സ്ഥിരം ജീവനക്കാരും 24,000 കരാര്‍ ജീവനക്കാരുമാണുള്ളത്. പ്രതിവര്‍ഷം ആയിരം പുതിയ ബസുകളാണ് ഇപ്പോള്‍ വാങ്ങുന്നത്. അതേസമയം കെഎസ്‌ആര്‍ടിസിയുടെ നഷ്ടം 1976 കോടിയാണ്.