അമേരിക്കന്‍ ഭരണഘടനയില്‍ നിലവിലുള്ള ഗര്‍ഭഛിദ്രാനുകൂല നിയമത്തിനെതിരെ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തെ എതിര്‍ത്ത് കമലാഹാരിസ് നടത്തിയ പ്രസംഗത്തെ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന മുന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
മെയ് അഞ്ചിന് വ്യാഴാഴ്ച എമിലിസ് ലിസ്റ്റ എന്ന ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കണ്‍സര്‍വേറ്റീവ് സുപ്രീംകോടതി ജഡ്ജിമാര്‍ ഗര്‍ഭഛിദ്രാനുകൂല നിയമം ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യുന്നതിനനുകൂല നിലപാട് സ്വീകരിച്ചത് സ്ത്രീകളുടെ ശരീരത്തില്‍ അവര്‍ക്കുള്ള അവകാശത്തെ നിഷേധിക്കലാണെന്നാണ് കമല അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ എന്തുചെയ്യണം എന്തു ചെയ്യരുത് എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശത്തില്‍ സുപ്രീം കോടതി നടത്തിയ അഭിപ്രായ പ്രകടനം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്- കമല ഹാരിസ് ചൂണ്ടികാട്ടി. എങ്ങനെയാണ് ജഡ്ജിമാര്‍ക്ക് ഇതിനുള്ള ധൈര്യം ലഭിച്ചതെന്നും ഇവന്‍ ചോദിച്ചു.

ഇതിന് തിരിച്ചടിയെന്നോണമാണ് മൈക്ക് പെന്‍സ് പ്രതികരിച്ചത്. ജഡ്ജിമാരെ വിമര്‍ശിക്കുന്നതിന് കമലാ ഹാരിസിന് എങ്ങനെ ധൈര്യം ലഭിച്ചുവെന്ന് മൈക്ക് പെന്‍സ് ചോദിച്ചു. 1973 നുശേഷം ഗര്‍ഭഛിദ്രം നടത്തിയതിന്‍റെ ഫലമായി 62 മില്യന്‍ കുട്ടികളാണ് മാതാപിതാക്കളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറം ലോകം കാണാതെ കൊല്ലപ്പെട്ടതെന്നും മൈക്ക് പെന്‍സ് ചൂണ്ടികാട്ടി.

സുപ്രീം കോടതിയുടെ ഗര്‍ഭഛിദ്രാനുകൂല നിയമം നീക്കം ചെയ്യുന്ന നടപടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഉടനീളം ഗര്‍ഭഛിദ്രാനുകൂലികള്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്.