റണ്‍വേ നവീകരണത്തിനായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. തിങ്കള്‍ മുതല്‍ 45 ദിവസം ഭാഗികമായി വിമാനത്താവളം അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

സര്‍വീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിരവധി വിമാന സര്‍വ്വീസുകള്‍ ജബല്‍അലി അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേള്‍ഡ് സെന്‍ട്രല്‍-ഡിഡബ്ല്യുസി) മാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ലക്‌നൗ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറുമെന്ന് ഫ്‌ളൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്‌സ്ബി), അല്‍ മക്തൂം വിമാനത്താവളം (ഡിഡബ്ല്യുസി) എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഴ്ചയില്‍ ആയിരത്തോളം വിമാനങ്ങള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാല്‍ പുറപ്പെടും മുന്‍പ് യാത്രക്കാര്‍ വിമാനത്താവളം, ടെര്‍മിനല്‍ എന്നിവ ഏതാണെന്ന് അതത് വിമാന കമ്ബനികളുടെ ഓഫീസുകളില്‍ വിളിച്ച്‌ ഉറപ്പുവരുത്തണം. എമിറേറ്റ്‌സ് സര്‍വീസുകള്‍ ഡിഎക്‌സ്ബിയിലെ ടെര്‍മിനല്‍ 3ല്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.